Sunday 11 June 2023




മനോഹരമായ ദ്വീപുകള്‍ ഇന്ത്യയിലും

By web desk .10 Jan, 2023

imran-azhar

 


പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് അവധിക്കാലം ചിലവഴിക്കാന്‍ ദ്വീപുകളെക്കാള്‍ മികച്ച സ്ഥലങ്ങള്‍ കുറവാണ്. അവധിക്കാലം ആഘോഷിക്കാന്‍ ഈ വര്‍ഷം സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റിലേക്ക് ചേര്‍ക്കാന്‍ കഴിയുന്ന ഇന്ത്യയിലെ വളരെ പ്രശസ്തമായ ചില ദ്വീപുകള്‍ ഇതാ..

 

മജുലി ദ്വീപ് (അസം)

 

ലോകത്തിലെ തന്നെ ഏറ്റവും വലിയ നദി ദ്വീപാണ് അസമിലെ ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ മജുലി.വടക്ക് സുബന്‍സിരി നദിയും തെക്ക് ബ്രഹ്മപുത്ര നദിയും ചേര്‍ന്നാണ് ഈ ദ്വീപ് രൂപപ്പെടുന്നത്.

 

മജുലി പതിനാറാം നൂറ്റാണ്ട് മുതല്‍ അസമിന്റെ സംസ്‌കാരിക തലസ്ഥാനമായാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന ഒരിടമാണിത്.



മജുലിയിലെ മറ്റൊരു പ്രധാനകാഴ്ച പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച 22 വൈഷ്ണവ സത്രങ്ങളാണ് . വിനോദസഞ്ചാരികള്‍ക്കായി ജലവിനോദങ്ങളും ഇവിടെ സജീവമാണ്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് മജുലി സന്ദര്‍ശിക്കാനുള്ള ഏറ്റവും നല്ല സമയം.

 

സ്വരാജ് ദ്വീപ് (ആന്‍ഡമാന്‍)

 

ഇന്ത്യയിലെ മനോഹരദ്വീപുകളില്‍ ഒന്നാണ് സ്വരാജ് ദ്വീപ്. ആന്‍ഡമാന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിന് 41 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് സ്വരാജ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.

 

ബ്രിട്ടീഷ് ജനറലായിരുന്ന ഹെന്റി ഹാവ്ലോക്കിന്റെ പേരില്‍  ഈ ദ്വീപ് മുന്‍പ് അറിയപ്പെട്ടിരുന്നത് .2018 ഡിസംബറില്‍ സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി സ്വരാജ് ദ്വീപ് എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.

 

സര്‍ക്കാര്‍ നടത്തുന്ന കടത്തുവള്ളങ്ങളിലും സ്വകാര്യ ക്രൂസുകളിലൂടെയും പോര്‍ട്ട് ബ്ലെയറില്‍ നിന്ന് ദ്വീപിലെത്താം. കൂടാതെ ഇവിടേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുകളും ഉണ്ട്.

 

രാധാനഗര്‍ ബീച്ച്, എലിഫന്റ് ബീച്ച്, വിജയ് നഗര്‍ ബീച്ച്, ബീച്ച് നമ്പര്‍ 3, ബീച്ച് നമ്പര്‍ 1, കാലാപത്തര്‍ എന്നിങ്ങനെ മനോഹരമായ ഒട്ടേറെ ബീച്ചുകള്‍ ഇവിടെയുണ്ട്. ബജറ്റ് മുതല്‍ ലക്ഷ്വറി വരെ സഞ്ചാരികള്‍ക്കായി ഒട്ടേറെ താമസസൗകര്യങ്ങളും ദ്വീപിലുണ്ട്.

 

സെന്റ് മേരീസ് ദ്വീപ് (കര്‍ണാടക)

 

കര്‍ണാടകയിലെ ഉഡുപ്പിയിലെ മാല്‍പെ തീരത്തുനിന്നും മാറി, അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന നാലു ചെറു ദ്വീപുകളുടെ കൂട്ടമാണ് സെന്റ് മേരീസ് ദ്വീപ്. ബാസള്‍ട്ടിക് ലാവ തണുത്തുറഞ്ഞുണ്ടായ തൂണുകളാണ് ഇവിടുത്തെ പ്രധാനകാഴ്ച.

 

ഇവയ്ക്ക് ഏകദേശം 88 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് കണക്കാക്കുന്നത്. കര്‍ണ്ണാടകയിലെ നാലു ജിയോളജിക്കല്‍ ചരിത്രസ്മാരകങ്ങളിലൊന്നായ ഈ ദ്വീപുകള്‍ ഇന്ന് പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്.

 


കോക്കനട്ട് ഐലന്‍ഡ്, നോര്‍ത്ത് ഐലന്‍ഡ്, ദര്യബഹദുര്‍ഗഡ് ഐലന്‍ഡ്, സൗത്ത് ഐലന്‍ഡ് എന്നിവയാണ് നാലു പ്രധാനദ്വീപുകള്‍.സഞ്ചാരികള്‍ക്ക് ദ്വീപിലേക്ക് പ്രവേശനം സൗജന്യമാണ്.

 

ഉഡുപ്പി ടൗണില്‍ നിന്ന് 5.8 കിലോമീറ്റര്‍ അകലെയുള്ള മാല്‍പെ ബീച്ചില്‍ നിന്നും ഓരോ 20 മിനിറ്റിലും ഇവിടേക്ക് ബോട്ട് സര്‍വീസുണ്ട്. കൂടാതെ, മാല്‍പെ ഫിഷിംഗ് ഹാര്‍ബറില്‍ നിന്ന് ഫെറി സര്‍വീസുമുണ്ട്.

 

മണ്‍റോ ദ്വീപ് (കൊല്ലം)

 

കായല്‍ത്തട്ടില്‍ മറഞ്ഞിരിക്കുന്ന ഒന്നാണ് മണ്‍റോ ദ്വീപ്. കൊല്ലത്ത് നിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള ഈ തുരുത്ത് യഥാര്‍ത്ഥത്തില്‍ എട്ടോളം ദ്വീപുകളുടെ ഒരു കൂട്ടമാണ്.

 

തിരുവിതാംകൂറിലെ റസിഡന്റ് കേണലായിരുന്ന ജോണ്‍ മണ്‍റോയുടെ ബഹുമാനാര്‍ത്ഥമാണ് ഈ സ്ഥലത്തിന് മണ്‍റോ ദ്വീപ് എന്ന പേര് ലഭിച്ചത്. ഓണക്കാലത്ത് ഇവിടെ നടക്കുന്ന കല്ലട ബോട്ട് റേസ് ഏറെ പ്രശസ്തമാണ്.

 

കായലിലൂടെയുള്ള ബോട്ട് സവാരിയും ഫഷ് കായല്‍ വിഭവങ്ങളുമെല്ലാം ഇവിടുത്തെ മറ്റുചില ആകര്‍ഷണങ്ങളാണ്. സഞ്ചാരികള്‍ക്കായി, ദിവസവും രണ്ടുതവണ ഡിടിപിസിയുടെ ബോട്ട് യാത്രയുണ്ട്.