Sunday 11 June 2023




6 വര്‍ഷത്തിനുള്ളില്‍ പിന്നിട്ടത് 100 രാജ്യങ്ങള്‍; സ്‌കൂട്ടറില്‍ ലോകം ചുറ്റുന്ന ഇറ്റാലിയന്‍ സ്വദേശി മൂന്നാറില്‍ *

By Greeshma Rakesh.27 Apr, 2023

imran-azhar

 

 

മൂന്നാര്‍: കഴിഞ്ഞ ആറു വര്‍ഷമായി സ്‌കൂട്ടറില്‍ ലോകം ചുറ്റുന്ന ഇറ്റാലിയന്‍ യുവാവ് മൂന്നാറിലെത്തി. ഇറ്റലിയിലെ മിലാന്‍ സ്വദേശിയായ ഇലാരിയോ വെസ്പാന്‍ഡ (33) ആണ് തന്റെ 1968 മോഡല്‍ ഇറ്റലിയന്‍ വെസ്പ സ്‌കൂട്ടറില്‍ ഇന്നലെ മൂന്നാറിലെത്തിയത്. 2017 ജനുവരിയിലാണ് ഇലാരിയോ മിലാനില്‍ നിന്നും തന്റെ യാത്ര തുടങ്ങിയത്.

 

യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, നോര്‍വേ, സ്വീഡന്‍, 40 ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ സന്ദര്‍ശിച്ച ശേഷം ബംഗ്ലാദേശ്, പാകിസ്ഥാന്‍, വാഗാ അതിര്‍ത്തി വഴി മൂന്നു മാസം മുന്‍പാണ് ഇന്ത്യയിലെത്തിയത്. ഇതിനോടകം 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു.സ്‌കൂട്ടറില്‍ 1.9 ലക്ഷം കിലോമീറ്ററാണ് ഇതുവരെ യാത്ര ചെയ്തത്. ഒന്നര മാസം കൂടി ഇന്ത്യയില്‍ സന്ദര്‍ശനം തുടരും. പിന്നീട് നേപ്പാള്‍, ചൈന വഴി യാത്ര തുടരും.

 

10 വര്‍ഷം കൊണ്ട് ലോകത്തെ മുഴുവന്‍ രാജ്യങ്ങളും സന്ദര്‍ശിക്കുകയാണ് ലക്ഷ്യമെന്ന് ഇലാരിയോ പറഞ്ഞു. ഓരോ പ്രദേശത്തേയും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം പ്രാദേശിക രുചികള്‍ ആസ്വദിക്കുന്നതിനും സമയം കണ്ടെത്തുമെന്നും ഇലാരിയോ പറഞ്ഞു. ഓരോ രാജ്യത്തു ചെല്ലുമ്പോഴും ആ രാജ്യത്തിന്റെ പേര് സ്‌കൂട്ടറില്‍ എഴുതുന്നത് പതിവാണെന്നും തന്റെ സ്‌കൂട്ടറാണ് തന്റെ ഭാര്യയും കാമുകിയുമെന്നും അദേഹം പറഞ്ഞു.

 

ഇറ്റലിയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മിലാനില്‍ സ്വന്തമായി ടൂറിസ്റ്റ് കോട്ടേജ് നടത്തുന്നതു വഴിയുള്ള വരുമാനം കൊണ്ടാണ് ലോകസഞ്ചാരം നടത്തുന്നത്. കൊവിഡ് കാലത്ത് ചില രാജ്യങ്ങളില്‍ മാസങ്ങളോളം താമസിക്കേണ്ടി വന്നതൊഴിച്ചാല്‍ ആറു വര്‍ഷത്തെ യാത്രക്കിടയില്‍ ഒരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്ന് ഇലാരിയോ പറഞ്ഞു.