Friday 29 September 2023




ശീതീകരിച്ച കാല്‍നട ജോഗിങ് ട്രാക്കുകളുമായി റൗദത്ത് അല്‍ ഹമാമ പബ്ലിക് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി ഉടന്‍ തുറക്കും

By Lekshmi.02 Jul, 2023

imran-azhar

 

ദോഹ: റൗദത്ത് അല്‍ ഹമാമയില്‍ ശീതീകരിച്ച കാല്‍നട ജോഗിങ് ട്രാക്കുകളുമായി അധികം താമസിയാതെ പബ്ലിക് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറക്കും. ഹരിതാഭമായ ഇടങ്ങളും കാലവസ്ഥയ്ക്ക് അനുയോജ്യമായ മരങ്ങളും നിറഞ്ഞ വലിയ ഏരിയയിലാണ് റൗദത്ത് അല്‍ ഹമാമ പാര്‍ക്ക്. ശീതീകരണ ട്രാക്കുള്ള മൂന്നാമത്തെ സെന്‍ട്രല്‍ പാര്‍ക്കാണിത്.

 

അല്‍ ഗരാഫയാണ് ശീതീകരിച്ച കാല്‍നടജോഗിങ് ട്രാക്കുകളുള്ള രാജ്യത്തിന്റെ ആദ്യത്തെ പാര്‍ക്ക്. രണ്ടാമത്തേത് ലോകത്തിലെ ഏറ്റവും നീളമേറിയ ശീതീകരണ കാല്‍നടജോഗിങ് ട്രാക്കുള്ള ഓപ്പണ്‍ പാര്‍ക്ക് എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ഉം അല്‍ സനീം പാര്‍ക്ക് ആണ്. 1,143 മീറ്റര്‍ നീളമാണ് ഇവിടുത്തെ ട്രാക്കിന്‌റേത്.

 

അല്‍ ഗരാഫയില്‍ 657 മീറ്റര്‍ നീളമുള്ള ശീതീകരിച്ച ട്രാക്കാണ് നിര്‍മിച്ചിരിക്കുന്നത്. 26നും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ട്രാക്കുകളിലെ താപനില. തദ്ദേശീയമായി വികസിപ്പിച്ച നൂതന കൂളിങ്, ശീതീകരണ സംവിധാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സോളര്‍ പാനലുകളില്‍ നിന്നാണ് ഇവയ്ക്കാവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് എന്നതിനാല്‍ പരിസ്ഥിതി സൗഹൃദവും. മറ്റ് പാര്‍ക്കുകളെ അപേക്ഷിച്ച് വിശാലമായ ഇടമാണ് സെന്‍ട്രല്‍ പാര്‍ക്കുകള്‍ക്കുള്ളത്.

 

സന്ദര്‍ശകര്‍ക്ക് യഥേഷ്ടം വാഹന പാര്‍ക്കിങ് സൗകര്യവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിശാലമായ കളിസ്ഥലങ്ങളും ഒക്കെയുള്ള സെന്‍ട്രല്‍ പാര്‍ക്കാണ് തുറക്കുകയെന്ന് പൊതുമരാമത്ത് അതോറിറ്റിയുടെ റോഡുകളും പൊതുഇടങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ സൂപ്പര്‍വൈസറി കമ്മിറ്റി പ്രൊജക്ട് മാനേജര്‍ ജാസിം അബ്ദുല്‍റഹ്മാന്‍ ഫക്രു വ്യക്തമാക്കി.

 

അല്‍ ഗരാഫ, ഉം അല്‍ സനീം, മുന്തസയിലെ റൗദത്ത് അല്‍ ഖെയ്ല്‍ എന്നിവയാണ് രാജ്യത്തെ പ്രധാന സെന്‍ട്രല്‍ പാര്‍ക്കുകള്‍. രാജ്യത്തെ ജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ പ്രോത്സാഹനം നല്‍കുന്നതിനൊപ്പം മതിയായ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി കൂടുതല്‍ പാര്‍ക്കുകള്‍ തുറക്കാനാണ് പദ്ധതി. സമൂഹത്തിലെ കുട്ടികള്‍ മുതല്‍ വയോധികര്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും സൗകര്യപ്രദമായ തരത്തിലാണ് പാര്‍ക്കിലെ സൗകര്യങ്ങള്‍ ഒരുക്കുന്നതും.

 

കാര്‍ബണ്‍ പ്രസരണം കുറയ്ക്കാന്‍ മരങ്ങളും ചെടികളും നട്ട് കൂടുതല്‍ പച്ചപ്പ് നിറച്ചാണ് പാര്‍ക്കുകള്‍ നിര്‍മിക്കുന്നത്. ഹസം അല്‍ മര്‍ക്കിയയിലും അല്‍ തുമാമ ഏരിയയിലുമായി 3 പുതിയ പാര്‍ക്കുകള്‍ ഉള്‍പ്പെടെ 5 പബ്ലിക് പാര്‍ക്കുകള്‍ ദോഹ നഗരസഭയില്‍ ഈ വര്‍ഷം തുറക്കുമെന്നും നഗരസഭ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.