Sunday 11 June 2023




ഗവിയില്‍ സഞ്ചാരികള്‍ക്കായി ഇനി മുതല്‍ ബോട്ടിങ്, ട്രെക്കിങ് ഒപ്പം തടി വീടും

By Greeshma Rakesh.23 May, 2023

imran-azhar

 

സീതത്തോട്: കേരള വനം വികസന കോര്‍പറേഷന്റെ (കെഎഫ്ഡിസി) നേതൃത്വത്തില്‍ ഗവിയില്‍ നടക്കുന്ന ടൂറിസം പദ്ധതികളുടെ ഭാഗമായുള്ള തടി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇനിമുതല്‍ കെഎഫ്ഡിസി പാക്കേജില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഈ തടി വീടുകളില്‍ താമസിക്കാം. ഗവി അണക്കെട്ടിനു സമീപമാണ് 3 തടിവീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 

ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചാണ് തടിവീടുകളുടെ നിര്‍മ്മാണം. കഴിഞ്ഞ കുറെ മാസങ്ങളായി ഇതിന്റെ നവീകരണ ജോലികള്‍ നടന്നുവരികയായിരുന്നു. തടിവീടുകള്‍ക്കു സമീപം 2 ടെന്റുകളും ഉണ്ട്. ഇതിലും സഞ്ചാരികള്‍ക്കു താമസിക്കാം.

 

തടിവീടുകളുടെ നിര്‍മാണം വിലയിരുത്താന്‍ കഴിഞ്ഞ ദിവസം കെഎഫ്ഡിസി ചെയര്‍പഴ്‌സന്‍ ലതികാ സുഭാഷ്, മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് പി.മാത്തച്ചന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. ഓണ്‍ലൈനില്‍ ബുക്ക് ചെയ്താണ് പ്രവേശനം. ഗവിയില്‍തന്നെ സഞ്ചാരികള്‍ക്കു താമസിക്കുന്നതിനുള്ള മറ്റ് മുറികളുടെ നവീകരണ ജോലികളും നടക്കുന്നു.

 

സഞ്ചാരികള്‍ക്കായി ബോട്ടിങ്, ട്രെക്കിങ് തുടങ്ങിയവയും ക്രമീകരിച്ചിട്ടുള്ളതായി ഡിവിഷന്‍ മാനേജര്‍ കെ.വി.സജീര്‍ പറഞ്ഞു. ഫോണില്‍ വിളിച്ച് ബുക്ക് ചെയ്യാം. 9947492399, 8289821305.