Thursday 28 September 2023




ഖത്തറിന്റെ കപ്പല്‍ ടൂറിസം വളര്‍ച്ചക്കുതിപ്പില്‍; സഞ്ചാരികള്‍ 8 ലക്ഷം കടന്നു

By Lekshmi.26 Jun, 2023

imran-azhar



ദോഹ: ഖത്തറിന്റെ കപ്പല്‍ ടൂറിസം വളര്‍ച്ചയുടെ പടികളിലാണ്. ഖത്തറിന്റെ കാഴ്ചകളിലേക്ക് ഇതുവരെ 236 ആഡംബര കപ്പലുകളിലായി 8,14,413 സഞ്ചാരികളാണ് എത്തിയത്. ഒക്ടോബര്‍ 8നാണ് അടുത്ത സീസണ്‍ എന്ന് ഖത്തര്‍ ടൂറിസം പ്രഖ്യാപിച്ചു.

 

പുതിയ സീസണില്‍ ദോഹ തുറമുഖത്തേക്കാണ് സഞ്ചാരികളെത്തുന്നത്. മുന്‍ സീസണിനേക്കാള്‍ 151% വര്‍ധനയാണ് ഈ സീസണില്‍ കാണാന്‍ സാധിച്ചത്. 2022 ഡിസംബറില്‍ തുടങ്ങി 2023 ഏപ്രിലില്‍ അവസാനിച്ച സീസണിലേക്ക് 2,53,191 സഞ്ചാരികള്‍ 54 കപ്പലുകളിലായി എത്തി.

 

സീസണിലെത്തിയ 54 ല്‍ 44 എണ്ണവും കൂറ്റന്‍ ആഡംബര കപ്പലുകളാണ്. ഇവയില്‍ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി കപ്പലെന്നറിയപ്പെടുന്നതും ഫിഫ ലോകകപ്പില്‍ ആരാധകര്‍ക്ക് താമസിക്കാനുള്ള ഫ്‌ലോട്ടിങ് ഹോട്ടലുകളായി പ്രവര്‍ത്തിച്ചതുമായ എംഎസ്സി യൂറോപ്പയാണ് ഏറ്റവുമധികം യാത്രക്കാരുമായി എത്തിയത്. 13 തവണയാണ് യൂറോപ്പ എത്തിയത്.

 

കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതലെത്തിയ യാത്രക്കാരുടെ ആദ്യ പത്തില്‍ ഇന്ത്യയുമുണ്ട്. 2% സഞ്ചാരികളാണ് ഇന്ത്യയില്‍ നിന്നെത്തിയത്. 31% ജര്‍മനി, ഇറ്റലിയില്‍ നിന്ന് 10%, റഷ്യയില്‍ നിന്ന് 6%, യുകെ, സ്‌പെയ്ന്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് 3%, കസഖിസ്ഥാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് 2, ഓസ്ട്രിയയില്‍ നിന്ന് 1 എന്നിങ്ങനെയാണ് കണക്ക്. 37% മറ്റ് രാജ്യക്കാരാണ്.

 

ദോഹ തുറമുഖത്തെ പുതിയ ഗ്രാന്‍ഡ് ടെര്‍മിനലിലാണ് ഫിഫ ലോകകപ്പ് മുതല്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. പ്രതിദിനം 12,000 സഞ്ചാരികളെ സ്വീകരിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ടെര്‍മിനല്‍. ഖത്തറിന്റെ കാഴ്ചകളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പേ നവീകരിച്ച തുറമുഖത്തിന് ചുറ്റും സഞ്ചാരികള്‍ക്ക് പരമ്പരാഗത വാസ്തുശൈലി പ്രതിഫലിക്കുന്ന മിന ഡിസ്ട്രിക്ടിലെ കാഴ്ചകള്‍ക്കു പുറമേ മീന്‍ മാര്‍ക്കറ്റ്, റീട്ടെയ്ല്‍ ശാലകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്.

 

മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്, സൂഖ് വാഖിഫ്, ഖത്തര്‍ ദേശീയ മ്യൂസിയം, മിഷെറിബ് ഡൗണ്‍ ടൗണ്‍ ദോഹ, ദോഹ കോര്‍ണിഷ് എന്നിവയും സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്.