Saturday 09 December 2023




ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് സൗജന്യ ടൂറിസ്റ്റ് വിസയുമായി ശ്രീലങ്ക

By Greeshma Rakesh.25 Oct, 2023

imran-azhar

 

 

 

കൊളംബോ: ഇന്ത്യ, ചൈന, റഷ്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് സൗജന്യ വിനോദസഞ്ചാര വിസ അനുവദിക്കുന്നതിന് ശ്രീലങ്കൻ മന്ത്രിസഭയിൽ അംഗീകാരം. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമാണ് ശ്രീലങ്കയുടെ പുതിയ നീക്കം. 2024 മാർച്ച് 31ന് പദ്ധതി പ്രാബല്യത്തിൽ വരും.

 

ചൈന, ഇന്ത്യ, റഷ്യ, ജപ്പാൻ, തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ സൗജന്യ വിസ നൽകുമെന്ന് മന്ത്രിസഭ തീരുമാനങ്ങൾ വിശദീകരിക്കുന്ന പ്രസ്താവനയിൽ പറയുന്നു.2026-ഓടെ വിനോദസഞ്ചാരമേഖലയിൽ പുരോഗതി കൊണ്ടുവരാനും അഞ്ച് ദശലക്ഷം സഞ്ചാരികളെ എത്തിക്കാനുമുള്ള ശ്രീലങ്കയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും പ്രസ്താവനയിൽ പറയുന്നു.


ബീച്ചുകൾ, പുരാതന ക്ഷേത്രങ്ങൾ, ആരോമാറ്റിക് ചായ എന്നിവയ്ക്ക് പേരുകേട്ട 22 ദശലക്ഷം ആളുകളുള്ള രാജ്യമായ ശ്രീലങ്കയിൽ വിനോദസഞ്ചാര വ്യവസായം ആദ്യം കോവിഡ് കാലത്തും പിന്നീടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. മാത്രമല്ല അവശ്യവസ്തുക്കളുടെ ദൗർലഭ്യവും ഉണ്ടായി. നിലവിലെ ഈ പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതിനുള്ള ശ്രീലങ്കയുടെ പുതിയ നീക്കമാണ് സൗജന്യ വിനോദസഞ്ചാര വിസ എന്ന പുതിയ പദ്ധതി.