Sunday 11 June 2023




ഭൂമിക്കടിയില്‍ ആഡംബര ഹോം സ്റ്റേ, അതും ഇന്ത്യയില്‍!

By Priya.05 Jan, 2023

imran-azhar

 

മഴയും മഞ്ഞും തണുപ്പുമെല്ലാം ഒരുമിച്ച് ആസ്വദിക്കണമെങ്കില്‍ ഏറ്റവും മികച്ച ചോയ്സ് ഹില്‍സ്റ്റേഷനുകളാണ്. മഹാരാഷ്ട്രയില്‍ ട്രെക്കിങ് നടത്താനായി നിരവധി സ്ഥലങ്ങളുണ്ട്.

 

ഇവിടം ഒട്ടുമിക്ക സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമാണ്. യാത്ര ചെയ്യുന്നത് മാത്രമല്ല അതിശയകരമായ സ്ഥലത്ത് താമസിക്കുകയെന്നതും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കാര്യമാണ്.

 

ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം അതിശയിപ്പിക്കുന്ന താമസസ്ഥലങ്ങളുണ്ടാകും.മഹാരാഷ്ട്രയിലെ കലംഭേ വില്ലേജിലുമുണ്ട് അങ്ങനെയൊരു ഇടം. ഭൂഗര്‍ഭ ഹോംസ്റ്റേയായ അസാന്‍ജ.

 

വിദേശരാജ്യങ്ങളിലേതു പോലെയുള്ളതാണ് ഈ ഹോംസ്റ്റേ.സഹ്യാദ്രി മലനിരകള്‍ക്കു താഴെ ഗുഹയില്‍ നിര്‍മിച്ച ഹോംസ്റ്റേയാണ് സഫ്രോണ്‍സ്റ്റേസിന്റെ അസാന്‍ജ.

 

പുണെയില്‍ നിന്ന് റോഡിലൂടെ രണ്ടര മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇന്ത്യയില്‍ അപൂര്‍വമായ ഭൂഗര്‍ഭ ഹോംസ്റ്റേയായ അസാന്‍ജയിലേക്ക് ചെന്നെത്താം. പാറക്കുള്ളിലായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

 

എങ്കിലും പരമാവധി ആഡംബര സൗകര്യങ്ങളും മനോഹരമായി മുര്‍ബാദിലെ ഈ ഹോംസ്റ്റേയില്‍ ഒരുക്കിയിരിക്കുന്നു.മുത്തശ്ശിക്കഥയിലേതു പോലുള്ള ഗുഹാ വീടാണ് അസാന്‍ജ.

 

ഇതിലെ കിടപ്പു മുറി അടക്കം ഹോംസ്റ്റേയുടെ പല ഭാഗങ്ങളിലും പകല്‍വെളിച്ചം ഉള്ളിലേക്ക് കടക്കാവുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇതേ ഭാഗങ്ങളിലൂടെ രാത്രിയിലെ ആകാശകാഴ്ചയും സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും.

 

വിശാലമായ മാസ്റ്റര്‍ ബെഡ്‌റൂമും ചേര്‍ന്ന് ഓപ്പണ്‍ എയര്‍ നീന്തല്‍കുളവുമുണ്ട്. പ്രകൃതി ആസ്വദിച്ചുകൊണ്ട് ഇവിടെ വെള്ളത്തില്‍ നീന്തി തുടിക്കാം. ഗുഹാ വീടുകള്‍ക്ക് മുകളിലായാണ് അതിഥികള്‍ക്കുവേണ്ടി റൂഫ് ടോപ് ഗാര്‍ഡനും സജ്ജീകരിച്ചിരിക്കുന്നു.