അവയവക്കടത്ത് ;കേരളത്തിലെ വിവിധ ആശുപത്രികളിലും വീടുകളിലും ഇഡിയുടെ വ്യാപക റെയ്ഡ്

By :  Devina Das
Update: 2026-06-18 05:31 GMT

കൊച്ചി: അവയവക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി കേരളത്തിൽ ഇഡിയുടെ വ്യാപക റെയ്ഡ് നടത്തുന്നു . കേരളത്തിലെ നിരവധി ആശുപത്രികളിലും വീടുകളിലുമാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധമായ അവയവദാനത്തിന് സൗകര്യമൊരുക്കുന്നതിനായി വ്യാജ രേഖകൾ ഉപയോഗിച്ച റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ ആശുപത്രികൾ, വസതികൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സമീപകാലത്ത് നിയമവിരുദ്ധ അവയവദാനത്തിന് സൗകര്യമൊരുക്കുന്നതിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു റാക്കറ്റിനെതിരെ വിവിധ ജില്ലകളിലായി പൊലീസ് രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഏജൻസി അന്വേഷണം ആരംഭിച്ചതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

അവയവദാതാക്കൾ, സ്വീകർത്താക്കൾ, ആശുപത്രികൾ എന്നിവയ്ക്കിടയിൽ പ്രതികൾ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും അവയവദാനത്തിനായി വൻ തുകകൾ ഈടാക്കുന്നുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി അറിയിച്ചു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു. പ്രധാന പ്രതിയായ നജീബുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആശുപത്രികളിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.കൊച്ചിയിൽ മൂന്നിടത്തായിരുന്നു റെയ്ഡ് നടന്നത്. അവയവദാനവുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളും മെഡിക്കൽ രേഖകളും പരിശോധിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. അവയവദാന പ്രക്രിയ വളരെ സങ്കീർണ്ണമാണ്. പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഡോക്ടർമാർ, എംഎൽഎമാർ, എംപിമാർ എന്നിവരുടെ സർട്ടിഫിക്കറ്റുകളും ക്ലിയറൻസുകളും ആവശ്യമാണ്. ഈ നടപടിക്രമങ്ങൾ മറികടക്കാൻ പ്രതികൾ വ്യാജ രേഖകൾ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു.

Similar News