ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റി മകനെ നിയമിക്കണം ;ദേവസ്വം ബോര്‍ഡിന് കത്ത് നൽകി കണ്ഠരര് രാജീവര്

By :  Devina Das
Update: 2026-07-11 09:00 GMT

പത്തനംതിട്ട: അനാരോഗ്യം ചൂണ്ടിക്കാട്ടി ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി കണ്ഠരര് രാജീവരര്. ഇത്തവണ ഊഴപ്രകാരം കണ്ഠരര് രാജീവരര് ആണ് ശബരിമലയില്‍ കാര്‍മികത്വം വഹിക്കേണ്ടത്. എന്നാല്‍ അതിന് പകരം തന്റെ മകന്‍ ബ്രഹ്മദത്തനെ താന്ത്രിക ചുമതല നല്‍കണമെന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായിരുന്നു കണ്ഠരര് രാജീവരര്. ദേവസ്വം ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി അറസ്റ്റിലായതിനാല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ദേവസ്വം ബോര്‍ഡ് ഇതില്‍ ഒരു തീരുമാനമെടുക്കൂ. സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.

സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തന്ത്രിക്കെതിരെ ശബരിമലയിലെ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിനുപിന്നില്‍ തന്ത്രിയാണെന്നാണ് ജീവനക്കാരുടെ മൊഴി. പോറ്റിക്ക് സ്പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രിയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Similar News