സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ;പ്രധാന പ്രഖ്യാപനങ്ങൾ

By :  Devina Das
Update: 2026-06-19 11:19 GMT

1. മിഷൻ സമുദ്ര

കേരളത്തിന്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തിൽ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയാണ് 'മിഷൻ സമുദ്ര'. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ്വ്യവസ്ഥയിലേക്ക് നമ്മൾ മാറ്റും. ഇതേത്തുടർന്നുള്ള തൊഴിലവസരങ്ങളിൽ തീരപ്രദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും. സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം, കടൽമേഖലാ ജീവിത സംസ്‌കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും. പദ്ധതിക്കായി 400 കോടി രൂപയാണ് വകയിരുത്തിയത്.

2. ഇൻവെസ്റ്റ് കേരളം സെൽ

ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ലാൻഡ് മാനേജ്മെന്റ് നയം സർക്കാർ രൂപീകരിക്കും. മുൻകാലങ്ങളിൽ പ്രസക്തമായിരുന്ന ഭൂനിയമങ്ങൾ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യും. നിക്ഷേപകർക്ക് ആവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികൾ (റെഗുലേറ്ററി & സ്റ്റാറ്റിയൂട്ടറി) നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പു വരുത്തുന്ന ഒരു ഏകജാലക സംവിധാനമായി ഇൻവെസ്റ്റ് കേരളം സെൽ രൂപീകരിക്കും.

3. ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തി.

4. സിൽവർ ഇക്കോണമി

വയോജനങ്ങൾക്ക് ആവശ്യമായ സ്ഥാപനങ്ങൾ, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉൾപ്പെടുന്ന 'സിൽവർ ഇക്കോണമി' വികസിപ്പിക്കും. അന്താരാഷ്ട്ര മാതൃകയിൽ കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കും.

5. പുതിയ മെഡിക്കൽ കോളജുകൾ

തിരുവനന്തപുരത്ത് നേരത്തെ പ്രഖ്യാപിച്ച രണ്ടാം മെഡിക്കൽ കോളജ് പ്രവർത്തനക്ഷമമാക്കുമെന്നും ഹരിപ്പാട് ഒരു പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർ, ഉപകരണങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനെല്ലാമായി 100 കോടി രൂപ വകയിരുത്തി. കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷൻ ആക്കി മാറ്റാൻ 'Reach Kerala' എന്ന പദ്ധതി ആവിഷ്‌കരിക്കും.

6. എംഎസ്എംഇ ഗ്രോത്ത് സ്‌കീം

പതിനായിരത്തോളം എംഎസ്എംഇ സംരംഭങ്ങൾ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീമിന് രൂപം നൽകും. ഇവർക്ക് റിവോൾവിംഗ് ഫണ്ട്, വിദഗ്ധ മാർഗ്ഗനിർദ്ദേശം എന്നിവ നൽകുന്നതിനായി ടെക്നോ-മെന്റർ / മാനേജ്-മെന്റർ മാരുടെ സഹായം ഉറപ്പാക്കും.

7. വൺ കേരള കരുതൽ മിഷൻ

ഗുരുതര രോഗം ബാധിച്ചവർക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കും തുടർ വിദ്യാഭ്യാസത്തിന് പണമില്ലാത്തവർക്കും സഹായം നേരിട്ട് എത്തിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി 'വൺ കേരള കരുതൽ മിഷൻ' സ്ഥാപിക്കും.

8. ഗ്ലോബൽ ജോബ് വാച്ച് ടവർ

മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ മേഖലയെ കുറിച്ച് പഠിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാൻ ''ഗ്ലോബൽ ജോബ് വാച്ച് ടവർ'' ആരംഭിക്കും. ബഹിരാകാശ മേഖലയിയിൽ തൊഴിലവസരം സൃഷ്ടിക്കാൻ സാറ്റലൈറ്റ് ടെക്നോളജിക്ക് ഊന്നൽ നൽകിയുള്ള ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ/വിക്ഷേപണ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകും.

9. കേരള നോളജ് വാലി

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാനും വിദേശത്തെ ലെഗസി യൂണിവേഴ്സിറ്റികളെ ഉൾപ്പെടെ ആകർഷിക്കാനും 'കേരള നോളജ് വാലി' സ്ഥാപിക്കും. ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങൾ, വികസനാഭിലാഷങ്ങൾ എന്നിവയ്ക്കു വേണ്ടി വയനാട് ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും ആരംഭിക്കും. വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബായി മാറ്റുന്നതിനുമായി ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെംബർ എന്ന ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതാണ്.

10. ലൈറ്റ് മെട്രോ പദ്ധതികൾ

വിവിധ സർക്കാരുകൾ വാഗ്ദാനം ചെയ്യുകയും എന്നാൽ ഇതുവരെ നടപ്പിലാക്കാൻ സാധിക്കാതെ വന്നതുമായ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും. തിരുവന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വരുന്നു. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ സാധ്യതാപഠനത്തിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. പദ്ധതി പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി.

Similar News