"ഭാഗ്യനക്ഷത്രം" ഇനി ഓർമ്മയിൽ ;നാടകീയവും സംഭവബഹുലവുമായ ഭാഗ്യരാജിന്റെ ജീവിതം

By :  Devina Das
Update: 2026-06-27 10:09 GMT

തന്റെ സിനിമാജീവിതത്തിന് അമ്പതാണ്ട് തികഞ്ഞ വേളയിൽ സംവിധാനത്തിലേക്ക് തിരികെ വരികയാണെന്ന് ഭാഗ്യരാജ് പ്രഖ്യാപിച്ചു . എന്നാൽ ആ സിനിമ യാഥാർഥ്യമാകും മുൻപ് തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന് തിരശ്ശീല വീണിരിക്കുന്നു. എന്നും സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ന്നു നിന്ന സിനിമകളായിരുന്നു ഭാഗ്യരാജിന്റേത്. അമാനിഷ്‌കരല്ലാത്ത സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. അതുകൊണ്ട് തന്നെ ഭാഗ്യരാജിന്റെ വേര്‍പാട് തമിഴ് ജനതയുടെ ജീവിതത്തിൽ തീരാനഷ്ടം തന്നെയാണ് .സിനിമ പോലെ തന്നെ നാടകീയവും സംഭവബഹുലവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. ഒന്നുമില്ലായ്മയില്‍ നിന്നും തമിഴകത്തിന്റെ തിരക്കഥൈ മന്നനിലേക്കുള്ള ആ യാത്ര ആര്‍ക്കും പ്രചോദനം തന്നെയാണ് . കരിയറിലെ കയറ്റിറക്കങ്ങള്‍ പോലെ തന്നെ നാടകീയമായിരുന്നു ഭാഗ്യരാജിന്റെ ദാമ്പത്യ ജീവിതവും.താന്‍ ജീവിതത്തില്‍ നേടിയ വിജയങ്ങളെല്ലാം ഭാഗ്യരാജ് സമര്‍പ്പിക്കുന്നത് ആദ്യഭാര്യയായ നടി പ്രവീണയ്ക്കാണ്. വെറും രണ്ട് വര്‍ഷം മാത്രം ആയുസേ അവരുടെ ദാമ്പത്യത്തിനുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും മരണം പ്രവീണയെ ഭാഗ്യരാജില്‍ നിന്നും കവര്‍ന്നെടുക്കുകയായിരുന്നു.

സിനിമയില്‍ ഒരിടം കണ്ടെത്തുന്നതിനും വര്‍ഷങ്ങള്‍ മുമ്പാണ് ഭാഗ്യരാജ് പ്രവീണയെ കണ്ടുമുട്ടുന്നത്. കെ ബാലചന്ദ്രറിന്റെ മന്മഥലീല എന്ന ചിത്രത്തിലൂടെയാണ് പ്രവീണ അരങ്ങേറുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം സജീവമായി പ്രവീണ. രജനികാന്ത് ചിത്രം ബില്ലയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ ഭാഗ്യരാജിന്റെ ഗുരുവായ ഭാരതിരാജയുടെ പുതിയ വാര്‍പ്പുക്കള്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ഇരുവരും കണ്ടുമുട്ടി.നായികയായ പ്രവീണയെ തമിഴ് പഠിപ്പിക്കുന്ന സംവിധാന സഹായിയായ ഭാഗ്യരാജിന്റെ ജോലിയായിരുന്നു. ആ അടുപ്പം സൗഹൃദത്തിലേക്കും പതിയെ പ്രണയത്തിലേക്കും വഴി മാറി. അന്ന് കരിയറില്‍ ഒന്നുമല്ലാതിരുന്ന ഭാഗ്യരാജിനെ പ്രവീണ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമ ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് അദ്ദേഹം തിരികെ പോയെങ്കിലും വീണ്ടും സിനിമയിലേക്ക് തന്നെ വന്നു. അങ്ങനെ അവര്‍ വീണ്ടും ഒരുമിച്ചു.

1981ല്‍ ഭാഗ്യരാജും പ്രവീണയും വിവാഹം. അക്കാലത്തെ മുന്‍നിര നായികയായിരുന്നിട്ടും വിവാഹ ശേഷം സിനിമ വേണ്ടെന്നായിരുന്നു പ്രവീണയുടെ തീരുമാനം. തന്റെ സിനിമകള്‍ക്ക് പിന്നിലെ നിര്‍ണായക സ്വാധീനമാണ് പ്രവീണയെന്ന് ഭാഗ്യരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ നായികമാര്‍ക്കെല്ലാം പ്രവീണയുടെ ഛായയുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭാഗ്യരാജിന്റെ ഏറെ പ്രശംസിക്കപ്പെട്ട മൗനഗീതങ്ങള്‍ എന്ന ചിത്രത്തിന് പിന്നിലും പ്രവീണയുടെ സ്വാധീനം ശക്തമായിട്ടുണ്ടായിരുന്നു.

മനോഹരമായിരുന്ന ആ ദാമ്പത്യ ജീവിതം. എന്നാല്‍ കാലം അതിന് അധികം ആയുസ് നല്‍കിയില്ല. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും മരണം പ്രവീണയെ തേടിയെത്തി. മഞ്ഞപ്പിത്തം ബാധിച്ച് 1983ല്‍ മരണപ്പെടുമ്പോള്‍ പ്രവീണയുടെ പ്രായം വെറും 25 ആയിരുന്നു. ആ വേര്‍പാട് ഭാഗ്യരാജിന് ഉള്‍ക്കൊള്ളാനായില്ല. അദ്ദേഹം ആകെ തകര്‍ന്നുപോയി. കടുത്ത വിഷാദത്തിലേക്ക് വീണുപോയ ഭാഗ്യരാജിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ സുഹൃത്തുക്കളും കുടുംബവും സിനിമാലോകവും മുന്നിട്ടിറങ്ങി.

ഇതിഹാസ താരങ്ങളായ എന്‍ടിആറും എംജിആറും വീണ്ടും വിവാഹം കഴിക്കാന്‍ ഉപദേശിച്ചു. അങ്ങനെയാണ് മറ്റൊരു വിവാഹത്തിന് ഭാഗ്യരാജ് തയ്യാറാകു ന്നത്. ജീവിതവും കരിയറും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതെന്ന് ഭാഗ്യരാജ് പറഞ്ഞിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹം പൂര്‍ണിമയെ കണ്ടുമുട്ടുന്നത്. അധികം വൈകാതെ തന്നെ പൂര്‍ണിമയേയും മാതാപിതാക്കളേയും ആഗ്രഹം അറിയിച്ചു. അവര്‍ സമ്മതം അറിയിച്ചതോടെ 1984 ല്‍ ഭാഗ്യരാജ് പൂര്‍ണിമയെ വിവാഹം കഴിച്ചു. 40 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഭാഗ്യരാജിന്റേയും പൂര്‍ണിമയുടേയും വിവാഹത്തിന്.

Similar News