ഭക്തിക്ക് മുന്നിൽ പ്രായം ഒരു തടസമല്ല ; 116-കാരി കയറിയത് 3,550 പടികൾ
തിരുപ്പതി:ഭക്തിക്ക് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചെന്നൈ സ്വദേശിനിയായ 116 കാരി നവനീതമ്മ. 11 കിലോമീറ്റർ ദൈർഘ്യമുള്ള ആലിപ്പിരി പാതയിലൂടെ 3,550 പടികൾ കയറി തിരുമലയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് നവനീതമ്മ അമ്പരപ്പിച്ചത് . ഇവരുടെ യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പ്രത്യേക ദർശനവും ആദരവും ഒരുക്കി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി തിരുപ്പതിയിൽ ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന നവനീതമ്മയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കാൽനടയായി തിരുമലയിൽ പോകുക എന്നത് . പ്രായാധിക്യം വകവയ്‌ക്കാതെയുള്ള ഈ യാത്ര മറ്റ് തീർഥാടകരെയും അത്ഭുതപ്പെടുത്തി. നിരവധി പേർ യാത്രയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വ്യാപകമായി ശ്രദ്ധ നേടിയത്.വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ടിടിഡി അധികൃതർ നവനീതമ്മയെ കണ്ടെത്തി പ്രത്യേക ദർശനം ഒരുക്കി. മഹാദ്വാരത്തിലൂടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ മുദ്ദഡ രവിചന്ദ്ര പട്ടുവസ്ത്രവും പ്രസാദവും നൽകി ആദരിച്ചു.“യഥാർഥ ഭക്തിക്ക് മുന്നിൽ പ്രായം വെറും സംഖ്യ മാത്രമാണ്” എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. നവനീതമ്മയുടെ അചഞ്ചലമായ വിശ്വാസവും കുടുംബത്തിന്റെ പിന്തുണയും അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.