കേരളത്തിൽ വീട് നിർമ്മിക്കുന്നതിന് യുവതലമുറ നേരിടുന്ന അഞ്ചു വെല്ലുവിളികള്‍

By :  Devina Das
Update: 2026-07-06 10:25 GMT

ഭവനവായ്പയും സാമ്പത്തിക ബാധ്യതയും

ഇന്ന് റെഡി ക്യാഷ് കൊടുത്ത് വീട് വെയ്ക്കുന്നവർ ചുരുക്കമായിരിക്കും. സ്ഥലത്തിന്റെ വിലയിൽ ഉണ്ടായ വർധനയും നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും അടക്കമുള്ള വിഷയങ്ങളാണ് ഇതിന് കാരണം. അതിനാൽ ഭവന വായ്പ എടുത്ത് വീട് വെയ്ക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ഉയർന്ന പലിശനിരക്കും ദീർഘകാല തിരിച്ചടവും യുവാക്കളുടെ മേൽ വലിയ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നുണ്ട്. ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന കടബാധ്യത ഏറ്റെടുക്കേണ്ടിവരുന്നത് പലർക്കും മാനസിക സമ്മർദ്ദമായി മാറുന്നുണ്ട്.

തൊഴിൽ അസ്ഥിരത, വരുമാന വെല്ലുവിളികൾ

യുവതലമുറയിൽ പലരും കരാർ അടിസ്ഥാനത്തിലോ ഗിഗ് ഇക്കണോമിയിലോ ജോലി ചെയ്യുന്നവരാണ്. സ്ഥിരവരുമാനമില്ലാത്തത് ഭവനവായ്പ ലഭിക്കുന്നതിനും തിരിച്ചടക്കുന്നതിനും തടസ്സമാകുന്നുണ്ട്. കൂടാതെ, ജീവിതച്ചെലവ് വർധിക്കുന്നതിനനുസരിച്ച് സമ്പാദ്യം സ്വരൂപിക്കാനുള്ള ശേഷിയും കുറയുന്നുണ്ട്.

ഭൂമിയുടെയും നിർമാണ സാമഗ്രികളുടെയും വിലക്കയറ്റം

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഭൂമിയുടെ വില ഉയർന്ന തലത്തിലാണ്. കേരളത്തിന് ഒന്നടങ്കം ഒരു നഗരത്തിന്റെ സ്വഭാവമാണ്. അതുകൊണ്ട് തന്നെ ഗ്രാമങ്ങളിൽ പോലും സ്ഥലം വാങ്ങണമെങ്കിൽ സെന്റിന് ലക്ഷങ്ങൾ കൊടുക്കേണ്ടതായി വരുന്നു. നഗരങ്ങളിലും അർദ്ധ നഗര പ്രദേശങ്ങളിലുമുള്ള കാര്യം പറയാത്തതാണ് ഭേദം. നിസാര സെന്റ് ഭൂമി വാങ്ങുന്നതിന് ചിലപ്പോൾ കോടികൾ തന്നെ ചെലവഴിക്കേണ്ടതായി വരും. ശരാശരി വരുമാനമുള്ള ഒരു യുവാവിന് സ്വന്തമായി സ്ഥലം വാങ്ങുകയെന്നത് വലിയ വെല്ലുവിളിയാണ്. അതിനുപുറമെ സിമന്റ്, കമ്പി, മണൽ തുടങ്ങിയ നിർമാണ സാമഗ്രികളുടെ വില ക്രമാതീതമായി ഉയർന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് വീട് നിർമാണച്ചെലവ് പലർക്കും താങ്ങാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

പ്രവാസജീവിതവും കുടിയേറ്റവും

തൊഴിൽ തേടി വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്ന യുവാക്കൾക്ക് നാട്ടിൽ വീട് വെക്കുകയെന്നത് ദീർഘകാല സ്വപ്നമായി മാറുകയാണ്. അകലെയിരുന്ന് നിർമാണം നിരീക്ഷിക്കേണ്ടിവരുന്നതും വിശ്വസ്തരായ ആളുകളെ ഏൽപ്പിക്കേണ്ടിവരുന്നതും അധിക വെല്ലുവിളികൾ സൃഷ്ടിക്കുന്നു.

കാഴ്ചപ്പാടിലെ മാറ്റം

യുവതലമുറയിൽ ചിലർ 'സ്വന്തം വീട്' എന്ന പരമ്പരാഗത സങ്കൽപ്പത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവരാണ്. വാടക വീട്ടിൽ താമസിച്ച് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ താൽപ്പര്യപ്പെടുന്നവരും ചെറിയ ബജറ്റ് വീടുകളും ഫ്‌ലാറ്റുകളും തെരഞ്ഞെടുക്കുന്നവരും വർധിച്ചുവരികയാണ്.

Similar News