എണ്ണവില പൊള്ളുന്നു, വീണ്ടും നൂറ് ഡോളര്‍ തൊട്ടു;സ്വർണ്ണവിലയിലും മാറ്റം

By :  Devina Das
Update: 2026-07-24 09:18 GMT

ന്യൂഡല്‍ഹി :പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ആഗോള വിപണിയില്‍ ഒരിടവേളയ്ക്ക് ശേഷം എണ്ണവില വീണ്ടും നൂറ് ഡോളര്‍ തൊട്ടു. ഇന്ന് ഏഴ് ശതമാനത്തോളം ഉയര്‍ന്നതോടെയാണ് മെയ് മാസത്തിന് ശേഷം ആദ്യമായി എണ്ണവില നൂറ് ഡോളറില്‍ എത്തിയത്. പഅമേരിക്ക- ഇറാന്‍ യുദ്ധം തുടരുന്നതാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് മുകളിലാണ്. ഇറാന് പിന്തുണ നല്‍കുന്ന യെമനിലെ ഹൂതി വിമതര്‍ സൗദിയുടെ എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. ഇത് എണ്ണ നീക്കത്തെ കാര്യമായി ബാധിക്കുമോ എന്ന ആശങ്ക എണ്ണവിലയില്‍ പ്രതിഫലിക്കുകയായിരുന്നു.അതേസമയം രാവിലെ 1,08,000 തൊട്ട സ്വര്‍ണവില ഉച്ചയോടെ ഇടിഞ്ഞു. പവന് 800 രൂപയാണ് കുറഞ്ഞത്. 1,07,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 13,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില. അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക നിലനില്‍ക്കുമ്പോഴും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കൂടാന്‍ കാരണം. എന്നാല്‍ എണ്ണവില വീണ്ടും നൂറ് തൊട്ടതോടെ സ്വര്‍ണവില കുറയുകയായിരുന്നു.വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Similar News