കെ പി സി സി പ്രസിഡന്റ് ;‘ഒരാൾക്ക് ഒരു പദവി’ നയം കോൺഗ്രസ്സ് സ്വീകരിക്കില്ല
തിരുവനന്തപുരം : പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം കോൺഗ്രസ് സ്വീകരിക്കില്ല . നയം പാലിക്കുക പ്രായോഗികമല്ലെന്നാണു പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.എംപി, എംഎൽഎ സ്ഥാനങ്ങൾ വഹിക്കുന്നവരെ പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കരുതെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. കെപിസിസി പ്രസിഡന്റായി അനുഭവസമ്പത്തും ജനകീയതയുമുള്ള നേതാവിനെ തീരുമാനിക്കുമ്പോൾ, ജനപ്രതിനിധിയാണെന്ന കാരണത്താൽ അദ്ദേഹത്തെ മാറ്റിനിർത്തേണ്ടതില്ലെന്നാണു പാർട്ടിയിലെ പൊതുവികാരം. ലോക്സഭാംഗമായ കെ.സി.വേണുഗോപാൽ ദേശീയതലത്തിൽ പാർട്ടിയുടെ സംഘടനാച്ചുമതല വഹിക്കുന്നുണ്ടല്ലോ എന്നായിരുന്നു കഴിഞ്ഞദിവസം ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നൽകിയ മറുപടി.കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുള്ളവരിൽ ഭൂരിഭാഗവും നിലവിൽ ജനപ്രതിനിധികളാണ്. അതേസമയം, ബോർഡ്, കോർപറേഷൻ ഭാരവാഹികളുടെ കാര്യത്തിൽ ഒരാൾക്ക് ഒരു പദവി എന്ന നയം പാലിക്കുന്നതു പാർട്ടിയുടെ പരിഗണനയിലുണ്ട്. പ്രസിഡന്റിനെ എത്രയുംവേഗം കണ്ടെത്തേണ്ടതുണ്ടെന്ന വിലയിരുത്തലിൽ അതുസംബന്ധിച്ച ചർച്ചകൾക്കു വരുംദിവസങ്ങളിൽ വേഗം കൂട്ടാനാണു ഹൈക്കമാൻഡിന്റെ തീരുമാനം.അടുത്ത കെപിസിസി യോഗം പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേരണമെന്ന ധാരണയോടെയാണു ചർച്ചകൾ.