പൊലീസ് ജീപ്പ് തടഞ്ഞ് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്; എംവിഐക്കെതിരെ കേസെടുത്ത് പൊലീസ്

By :  Devina Das
Update: 2026-07-08 11:48 GMT

തൃശൂർ:പൊലീസ് വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിട്ടും പിഴയീടാക്കിയ സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ തങ്ങളുടെ ജോലി തടസ്സപ്പെടുത്തിയതിനു പോലീസ് കേസെടുത്തു . തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പി.വി.ബിജുവിനെതിരെയാണു കേസ്. പതിനൊന്നിനു ശേഷം ഉത്രാളിക്കാവിനു സമീപമാണു നാടകീയ സംഭവങ്ങൾ നടന്നത് . എസ്ഐ ബദറുദ്ദീന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ്ങിന് ഇറങ്ങിയ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പ് മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം അവരുടെ വാഹനം കുറുകെയിട്ടു തടയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന എസ്ഐയെ സമീപത്തേക്കു വിളിപ്പിച്ച എംവിഐ പൊലീസ് വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കിയിട്ടില്ലെന്നും പുക പരിശോധനാ സർട്ടിഫിക്കറ്റില്ലെന്നും പറഞ്ഞു. തൊട്ടുപിന്നാലെ 4000 രൂപ പിഴയിട്ടുള്ള ചലാനും നൽകി. ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപയും പൊല്യൂഷൻ രേഖ ഇല്ലാത്തതിന് 2000 രൂപയും ചേർത്ത് 4000 രൂപ പിഴയിട്ടിട്ടുണ്ടെന്നും എംവിഐ അറിയിച്ചു. രേഖകൾ കൈവശമില്ലാതിരുന്നതിനാൽ മറുപടി പറയാനാവാതെ പൊലീസ് കുഴങ്ങി. ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനിൽ രേഖകൾ പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി 2027 മാർച്ച് 7 വരെ ഉണ്ടെന്നു വ്യക്തമായത്. അതിനിടയിൽ ‘കടുവയെ കിടുവ പിടിച്ച’ വാർത്ത പ്രചരിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. എംവിഐക്കെതിരെ കേസെടുക്കാൻ അതോടെ പൊലീസ് തീരുമാനിക്കുകയായിരുന്നു. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനു പരമാവധി 250 രൂപയേ പിഴയിടാറുള്ളൂവെന്നിരിക്കെ 2000 രൂപ പിഴയിട്ടതും ഇൻഷുറൻസ് രേഖകൾ പരിശോധിക്കാൻ പോലും തയാറാവാതെ പരിവാഹൻ സൈറ്റിലെ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി 2000 രൂപ പിഴയിട്ടതും നേരം പുലരും മുൻപ് ഇതിനു പ്രചാരണം നൽകിയതുമാണു പൊലീസിനെ ക്ഷുഭിതരാക്കിയത്. അതേസമയം, പിഴയിടാൻ ഇടയാക്കിയത് പരിവാഹൻ സൈറ്റ് അപ്ഡേറ്റഡ് അല്ലാത്തതുകൊണ്ടാണെന്ന വിശദീകരണവുമായി മോട്ടർ വാഹന വകുപ്പ് രംഗത്തെത്തി.

Similar News