ദുരന്തം അതീവ ദൗര്‍ഭാഗ്യകരം;ഇരകളെ ചേർത്ത് പിടിക്കും ;കരാർ കമ്പനി
കോഴിക്കോട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിനിടെയുണ്ടായ അപകടം അതീവദു:ഖകരമെന്ന് കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ്. ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേർത്തുപിടിക്കുമെന്ന് ബോംബെ, നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കു നൽകിയ നിയമപ്രകാരമുള്ള കത്തിൽ കമ്പനി അറിയിച്ചു. പ്രദേശത്ത് തുടർന്നു കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിന് വേണ്ടി കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ നൽകിയ കത്തിൽ വ്യക്തമാക്കി.ജില്ലാ ഭരണകൂടം, അടിയന്തര ദുരന്തനിവാരണ ഏജൻസികൾ, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി ഞങ്ങൾ പൂർണ്ണമായി സഹകരിക്കുന്നു. പദ്ധതി പ്രദേശത്തുണ്ടായിരുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനും അവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ സഹായിച്ചു വരുന്നു. ബാധകമായ എല്ലാ എഞ്ചിനീയറിംഗ് സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പാരിസ്ഥിതികമായി അതീവ സെൻസിറ്റീവ് ആയ ഒരു പ്രദേശമായതിനാൽ, സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ മേൽനോട്ടം ഉൾപ്പെടെയുള്ള ഒന്നിലധികം നിയന്ത്രണ സംവിധാനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഈ പ്രോജക്റ്റ് വിധേയമാണ്. ഇവിടെ നിന്നും ഖനനം ചെയ്യുന്ന എല്ലാ വസ്തുക്കളും അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം കടുത്ത നിയമപാലന നടപടിക്രമങ്ങൾ ഉള്ളതിനാൽ ഈ പ്രൊജക്റ്റിൽ സാങ്കേതിക പിഴവുകൾക്കുള്ള സാധ്യത വളരെ കുറവാണ്.
ദുരന്തത്തിൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അത് ഔദ്യോഗികമായി പങ്കുവെക്കും. ദുരന്തബാധിത കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിലും ഈ വിഷമഘട്ടത്തിൽ അവർക്കൊപ്പം നിൽക്കുന്നതിലുമാണ് ഞങ്ങളുടെ ശ്രദ്ധയെന്നും കമ്പനി വ്യക്തമാക്കി.