മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിപ ബാധിതന്റെ ആരോഗ്യ നില ഗുരുതരം ;പ്രതോരോധ പ്രവർത്തനം ഊർജ്ജിതം

By :  Devina Das
Update: 2026-06-19 05:49 GMT

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 43കാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പത്തുദിവസം പിന്നിട്ടിട്ടും രോഗി ഇപ്പോഴും വെന്റിലേറ്റർ സഹായത്തിലാണുള്ളത്. ഐസിഎംആർ മാർഗനിർദ്ദേശപ്രകാരം മോണോക്ലോണൽ ആന്റിബോഡി ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിവരുന്നുണ്ട്. റിബാവറിൻ, റെംഡെസിവിർ, മോണോക്ലോണൽ ആന്റിബോഡി എന്നിവയുൾപ്പെടെയുള്ള ആധുനിക ചികിത്സകളാണ് നൽകുന്നത്.

ഐസൊലേഷൻ വാർഡിലാണ് രോഗിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെ പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്നത് ആശാവഹമായ കാര്യമാണ്. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒമ്പതിൽ ആറുപേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചിട്ടുണ്ട്. മറ്റുമൂന്നുപേർക്കും നിലവിൽ ആരോഗ്യ പ്രശ്‌നങ്ങളില്ല. പരിശോധന ഫലങ്ങൾ വരുന്ന മുറയ്ക്കാകും ഇവരെ വിട്ടയക്കുക. സംസ്ഥാനത്ത് പുതിയതായി നിപ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ വ്യാപകമാകുന്നത് ആശങ്കയാകുന്നുണ്ട്. വ്യാഴാഴ്ച മാത്രം 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂർ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിങ്ങനെയാണ് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂണിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിൽവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9), ആലപ്പുഴ (3), മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 186 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും. ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ച വ്യാധികൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും കലക്ടർമാരുമായും ആരോഗ്യമന്ത്രി കെ മുരളീധരൻ ബുധനാഴ്ച നടത്തിയ യോഗത്തിലാണ് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാൻ തീരുമാനമായത്.

Similar News