'ഒരു കാരണവശാലും കൊടുക്കില്ല';ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാടിന് അവധി നൽകിയില്ല

By :  Devina Das
Update: 2026-06-29 05:36 GMT

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പകുളം മൂലം വള്ളംകളി ഇന്ന് നടക്കുമ്പോൾ കുട്ടനാട് താലൂക്കിന് ഇന്ന് അവധി ഇല്ല. ഇക്കാര്യം കുട്ടനാട് എംഎൽഎ റെജി ചെറിയാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും തുടർന്ന് ഇക്കാര്യം പരിശോധിച്ചു തീരുമാനിക്കാമെന്നു പറഞ്ഞ മുഖ്യമന്ത്രി, ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന് പറയുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. പ്രാദേശിക അവധി അനുവദിക്കാത്തതിൽ കടുത്ത വിഷമമുണ്ടെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ പറഞ്ഞു. അവധി ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ അനുമതി കിട്ടാത്തതിൽ ജനപ്രതിനിധി എന്ന നിലയിൽ സങ്കടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് കുട്ടനാടിന്റെ വലിയൊരു ചരിത്രമാണ്. ചെമ്പകശ്ശേരി പള്ളിയിൽ നിന്ന് ആചാരപ്രകാരം കയറും കൊടിയും ഏറ്റുവാങ്ങി നടത്തുന്ന നാനൂറിലധികം വർഷത്തെ പാരമ്പര്യമുള്ള വള്ളംകളിയാണിത്. ഇതിന്റെ ചരിത്രം പഠിച്ചാൽ കുട്ടനാടിന് മാത്രമല്ല, കേരളത്തിന് മൊത്തം അവധി നൽകേണ്ടി വരും. അടുത്ത വർഷം ശക്തമായി ആവശ്യപ്പെടും. ഈ വർഷം അവധി ലഭിച്ചില്ലെങ്കിലും വള്ളംകളിയെക്കുറിച്ച് സംസ്ഥാനം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുകയാണ്. അതുകൊണ്ട് തന്നെ അടുത്ത വർഷം ഇതിലും ശക്തമായി കുട്ടനാട്ടുകാർക്കായി പ്രാദേശിക അവധി ആവശ്യപ്പെടുമെന്നും അത് നൽകാൻ സർക്കാർ നിർബന്ധിതരാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.വള്ളംകളിക്ക് അവധി ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ അനാവശ്യ വിവാദങ്ങളിലും തർക്കങ്ങളിലും തനിക്ക് വ്യക്തിപരമായി വലിയ വിഷമമുണ്ട്. ഒരു നല്ല കാര്യം ചെയ്യാൻ ഇറങ്ങുമ്പോൾ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നത് സങ്കടകരമാണെന്നും റെജി ചെറിയാൻ പറഞ്ഞു.

ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു സബ്മിഷൻ അവതരിപ്പിച്ച കുട്ടനാട് എംഎൽഎ റെജി ചെറിയാനു നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശൻ നൽകിയ മറുപടി വിവാദമായിരുന്നു.'പരിശോധിച്ചു തീരുമാനിക്കാ'മെന്നു സബ്മിഷനു മറുപടി പറഞ്ഞ മുഖ്യമന്ത്രി സീറ്റിൽ ഇരിക്കുന്നതിനിടെ, അടുത്തിരുന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയോട് 'ഒരു കാരണവശാലും കൊടുക്കില്ല' എന്നു പറയുന്ന വിഡിയോ ക്ലിപ് പ്രചരിച്ചതോടെയാണു വിവാദമുണ്ടായത്.

Similar News