'ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല ;അയോധ്യ സംഭാവന തട്ടിപ്പ് കേസില്‍ അടിയന്തര വാദം ഇല്ലെന്ന് സുപ്രീംകോടതി

By :  Devina Das
Update: 2026-06-29 10:16 GMT

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള സംഭാവന തട്ടിപ്പ് കേസിൽ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി കേൾക്കാൻസുപ്രീംകോടതി വിസമ്മതിച്ചു . വേനലവധിക്കുശേഷം കേസ് വാദത്തിനായി ലിസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.'എന്താണ് ഇത്ര അടിയന്തരാവസ്ഥ, ഇപ്പോൾ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ലല്ലോ...', എന്നാണ് ബെഞ്ചിന്റെ നിരീക്ഷണം. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലും ഭരണത്തിലും നടന്നുവെന്ന് പറയപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളെയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളെയും കുറിച്ച് സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്ന് അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ് എന്നിവർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനും ആവശ്യമായ നിയന്ത്രണ, മേൽനോട്ട, ഓഡിറ്റ് സംവിധാനങ്ങൾ രൂപീകരിക്കാനും നടപ്പിലാക്കാനും കേന്ദ്ര-ഉത്തർപ്രദേശ് സർക്കാരുകൾക്കും ക്ഷേത്ര ട്രസ്റ്റിനും നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.എഫ്‌ഐആറോ സാധാരണ ക്രിമിനൽ കേസോ രജിസ്റ്റർ ചെയ്യാതെയാണ് ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച എസ്‌ഐടി വിഷയത്തിൽ അന്വേഷണം ആരംഭിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകൾ വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തെ തുടർന്ന് ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥന പ്രകാരം ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ എസ്.ഐ.ടി രൂപീകരിച്ചത്.

Similar News