ആര്‍ സുഗതന് ജയിലിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്യാം ;ജാമ്യം നൽകാൻ പാടില്ല ;നിലപാട് കടുപ്പിച്ച് സർക്കാർ

By :  Devina Das
Update: 2026-07-13 05:07 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്യാൻസർക്കാർ അവസരം ഒരുക്കും . കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തനിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ഹർജി കോടതി പരിഗണിക്കുമ്പോൾ ഇതിനായുള്ള ക്രമീകരണങ്ങൾ ജയിലിനുള്ളിൽ ഒരുക്കാമെന്ന് സർക്കാർ കോടതിയെ അറിയിക്കും.സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ അവസരമൊരുക്കും. പഞ്ചായത്ത് രാജ് ചട്ടപ്രകാരം ഇങ്ങനെ സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിയമ തടസ്സങ്ങളില്ല. കാപ്പ കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കരുത് എന്നും കോടതിയെ സർക്കാർ അറിയിക്കും. നേരത്ത, മറ്റ് കേസുകളിൽ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. കോര്‍പ്പറേഷന്‍ അംഗമായി ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്യാനാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.അതേസമയം കാപ്പ കേസ് കൂടി ചുമത്തിയിട്ടുള്ളതിനാല്‍ ഹൈക്കോടതിയിൽ നിന്ന് ഇളവ് ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് വേണ്ടി സുഗതന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാകൂ. ഇതേത്തുടർന്നാണ് കൗൺസിലർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയിലെത്തും. മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കിൽ അംഗത്വം നഷ്ടമാകുന്ന നിയമനം നില നിൽക്കേ ഇന്നത്തെ ഹൈക്കോടതി വിധി നിർണായകമാകും.

Similar News