പത്താം ക്ലാസുകാരന്റെ വാട്ടര്‍ബോട്ടിലില്‍ ചാരായം; നൽകിയത് സഹപാഠി
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ സ്കൂൾ വാട്ടർബോട്ടിലിൽ വാറ്റ്ചാരായം കണ്ടെത്തി. വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത് .
കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും സഹപാഠിയായ വിദ്യാർഥി എത്തിച്ചു നൽകിയതാണ് എന്ന വിവരം ലഭിച്ചു. പല കുട്ടികൾക്കും ഇത്തരത്തിൽ വാറ്റ് ചാരായം പതിവായി വിദ്യാർഥി എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് സ്‌കൂൾ അധികൃതർ വിവരം താമരശ്ശേരി പൊലീസിൽ അറിയിച്ചു.പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ തന്റെ രണ്ടാനച്ഛൻ നാടൻ ചാരായം വാറ്റുന്നുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാർഥി വെളിപ്പെടുത്തി.വാറ്റുചാരായം സൂക്ഷിക്കുന്ന സ്ഥലത്തെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചു.തുടർന്ന് താമരശ്ശേരി പൊലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ പൂവൻ മലയിൽ നടത്തിയ പരിശോധനയിൽ വിദ്യാർഥിയുടെ വീടിനു സമീപത്തെ തോട്ടത്തിൽ ചാക്കിൽ കെട്ടിവെച്ച നിലയിൽ 56 കുപ്പി (28 ലിറ്റർ) വാറ്റ് ചാരായം കണ്ടെടുത്തു. രണ്ടു വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. എന്നാൽ കേസിൽ പ്രതിയായ വിദ്യാർഥിയുടെ രണ്ടാനച്ഛനെ പിടികൂടാൻ സാധിച്ചിട്ടില്ല.