തിരുവല്ലം വാഹനാപകടത്തിൽ വൻ വഴിത്തിരിവ് ;സുഹൃത്തുക്കളുടെ മരണം ബൈക്ക് നിയന്ത്രണം വിട്ടല്ല;കാര്‍ പിന്നിലിടിച്ചെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: തിരുവല്ലത്ത് സുഹൃത്തുക്കൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ല അപകടകാരണം എന്ന് പൊലീസ് കണ്ടെത്തി. കാർ ബൈക്കിന് പിന്നിലിടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ കാർ ഓടിച്ച മലയിൻകീഴ് സ്വദേശി വിഷ്ണു എന്ന യുവാവ് പിടിയിലായി. അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു. ബൈക്ക് അപകടത്തിൽ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീൻ സിബി, തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മൻ എന്നിവരാണ് മരിച്ചത്.ഐ ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവർക്കും 25 വയസ്സാണ്. ഇന്നലെ നവീന്റെ ജന്മദിനമായിരുന്നു. അത് ആഘോഷിക്കാനായി കോവളത്തേക്ക് പോകുകയായിരുന്നു നവീനും മൃദുലയും. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. എന്നാൽ അപകടസ്ഥലത്ത് നടത്തിയ പരിശോധനയിൽ പൊലീസിന് തോന്നിയ സംശയമാണ് സംഭവത്തിൽ നിർണായകമായത്.
ബൈക്കിന് പിന്നിലിരുന്ന മൃദുല മീറ്ററുകളോളം ദൂരേയ്ക്ക് തെറിച്ചു വീണ് തലയിടിക്കുകയായിരുന്നു. കാറ്റ് പിടിച്ചു അപകടം ഉണ്ടാവാൻ സാധ്യതയില്ലെന്ന് പൊലീസ് വിലയിരുത്തി. തുടർന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കിന് പിന്നിൽ ഒരു കാർ പോകുന്നത് കണ്ടെത്തി. ഈ കാറിന്റെ ഉടമ വിഷ്ണുവാണെന്നും പൊലീസ് മനസ്സിലാക്കി. തുടർന്ന് രാത്രി തന്നെ വിഷ്ണുവിന്റെ വീട്ടിൽ പൊലീസ് സംഘമെത്തി.വീടിന് മുന്നിലുണ്ടായിരുന്ന കാറിൽ മറ്റൊരു വാഹനത്തിൽ ഇടിച്ചതിന്റെ പാടുകളും പൊലീസ് കണ്ടെത്തി. തുടർന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ, അമിത വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിച്ച കാര്യം സമ്മതിച്ചു. അപകടമുണ്ടായശേഷം കാർ നിർത്താതെ പോയെന്നും പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ നവീനും മൃദുലയും തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. പിടിയിലായ വിഷ്ണുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
നവീൻ ടെക്‌നോപാർക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനിയറും, മൃദുല കിൻഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. തിരുവല്ലം ടോൾ പ്ലാസ് കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. മൃദുല അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു, നവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഠനകാലം മുതൽ ഇവർ സുഹൃത്തുക്കളായിരുന്നു