മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
കൊച്ചി: മലപ്പുറം ജില്ലയിൽ വലിയതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിന് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് നടന്ന വലിയൊരു ക്രിമിനൽ ഗൂഢാലോചനയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA) കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയെ അറിയിച്ചു. കേസിലെ പ്രധാന ആസൂത്രകരും കർണാടക താലിക്കോട്ടെ സ്ഫോടകവസ്തു വിതരണ കമ്പനിയായ 'ചേതൻ എന്റർപ്രൈസസ്' ഉടമകളുമായ മന്തഗൗണ്ട് ബിരാദാർ (35), ബാപഗൗണ്ട് ഭീരമായ ചൗധരി (47) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ കോടതി പൂർണ്ണമായും തള്ളി. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രത്യേക ജഡ്ജി പി.കെ. മോഹൻദാസ് വ്യക്തമാക്കി.2026 ഫെബ്രുവരി 7-ന് മലപ്പുറം തിരുരങ്ങാടിയിൽ വെച്ചാണ് ഉള്ളി ചാക്കുകൾ കയറ്റിവന്ന ലോറിയിൽ നിന്ന് 89,600 ജലാറ്റിൻ സ്റ്റിക്കുകളും 1.05 ലക്ഷം നോൺ-ഇലക്ട്രിക് ഡെറ്റണേറ്ററുകളും പൊലീസ് പിടികൂടുന്നത്. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ വൻ തോത് കണക്കിലെടുത്ത് കഴിഞ്ഞ ഏപ്രിലിലാണ് എൻഐഎ കേസ് ഏറ്റെടുത്തത്.