മുസ്ലിംവിരുദ്ധ വിദ്വേഷ പരാമർശം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർവി ബാബുവിനെതിരെ കേസ് എടുത്തു
കൊച്ചി: സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മുസ്ലിം സമൂഹത്തിനും മതനേതാക്കൾക്കുമെതിരെ അപകീർത്തികരവും വർഗ്ഗീയവിദ്വേഷം വളർത്തുന്നതുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി. ബാബുവിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. പിഡിപി നേതാവ് അഷ്റഫ് വാഴക്കാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്.സംസ്ഥാന സർക്കാർ ലഹരിമാഫിയക്കെതിരെ നടത്തുന്ന നിയമനടപടിയായ 'ഓപ്പറേഷൻ തൂഫാൻ' പശ്ചാത്തലമാക്കിയായിരുന്നു ആർവി ബാബുവിന്റെ സോഷ്യൽ മീഡിയ പ്രതികരണം. ലഹരിക്കടത്തിലും മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളിലും ഒരു പ്രത്യേക വിഭാഗത്തിലെ അംഗങ്ങൾക്ക് പങ്കുണ്ടെന്നും, ഇവർ സംസ്ഥാനത്തെ ഭീകരവാദ ഘടകങ്ങളെ വളർത്താൻ സഹായിക്കുകയാണെന്നും പോസ്റ്റിലൂടെ ഇദ്ദേഹം ആരോപിച്ചതായി പൊലീസ് വ്യക്തമാക്കുന്നു.
മുസ്ലിം സമൂഹത്തെയും ഇസ്‌ലാമിക പണ്ഡിതന്മാരെയും ലക്ഷ്യമിട്ട് അവഹേളിക്കാനും സമൂഹത്തിൽ വർഗ്ഗീയ ഭിന്നതയും ശത്രുതയും സൃഷ്ടിക്കാനും ബോധപൂർവ്വമായ ഉദ്ദേശ്യത്തോടെയാണ് ബാബു പ്രസ്താവനകൾ നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു.വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, വ്യാജവിവരങ്ങൾ പ്രചരിപ്പിക്കൽ, പൊതുജനമധ്യത്തിൽ അപകീർത്തി വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെയും കേരള പൊലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആർവി ബാബുവിന് ഉടൻ തന്നെ പൊലീസ് നോട്ടീസ് അയക്കുമെന്നും അധികൃതർ അറിയിച്ചു.