വീണയുടെ മൊഴിയിൽ അവ്യക്തത ;അന്വേഷണം വ്യാപിപ്പിച്ച് ഇഡി
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ ഇഡി അന്വേഷണം വിപുലമാക്കുന്നു . പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സിഎംആർഎല്ലിന് ലഭിച്ചിട്ടുള്ള സഹായങ്ങളിലാണ് അന്വേഷണം. എൽഡിഎഫ് സർക്കാർ വഴിവിട്ട് സിഎംആർഎല്ലിന് എന്തെങ്കിലും സഹായങ്ങൾ നൽകിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് പിണറായിയുടെ മകൾ ടി വീണയുടെ എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിൽ കരാർ ഒപ്പിടുന്നത്. കരാറിൽ അവ്യക്തതയുണ്ടെന്നാണ് ഇഡി വിലയിരുത്തൽ. കരാറിന് സിഎംആർഎല്ലിന് പ്രത്യുപകാരം ലഭിച്ചിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കരാറിലെ അഴിമതി കേന്ദ്രീകരിച്ചാണ് അന്വേഷണം. സിഎംആർഎൽ എക്‌സാലോജികിന് നൽകിയ 2.78 കോടിയുടെ വിനിയോഗത്തിലും വ്യക്തതയില്ലെന്നാണ് ഇഡി വിലയിരുത്തൽ.
കേസുമായി ബന്ധപ്പെട്ട് ടി വീണയുടെ മൊഴികളിൽ അവ്യക്തതയുണ്ടെന്നാണ് ഇഡി നിഗമനം. സിഎംആർഎൽ ഉന്നതരുടെ മൊഴികളിലും വൈരുധ്യമുണ്ട്. കേസിൽ വീണയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം ഘട്ട ചോദ്യം ചെയ്യൽ അടുത്തയാഴ്ച നടക്കും. ഇന്നലെ 10 മണിക്കൂർ ആണ് ചോദ്യം ചെയ്യൽ നടന്നത്. എസ്എഫ്‌ഐഒ രേഖകൾ കോടതിയിൽ നിന്ന് കിട്ടിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. കരിമണൽ കമ്പനിയും വീണയും നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ അടക്കമുള്ള എസ്എഫ്‌ഐ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇഡിക്ക് ലഭിച്ചത്.