കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ ;ധര്‍മ്മേന്ദ്ര പ്രധാനും ഹര്‍ദീപ് സിങ് പുരിയും പുറത്തേക്ക്?
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകൾ. മുതിർന്ന കേന്ദ്രമന്ത്രിമാരിൽ ചിലരെ ഒഴിവാക്കിയേക്കുമെന്നും, ചിലർക്ക് വകുപ്പുമാറ്റം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ധനവകുപ്പിൽ നിന്നും നിർമല സീതാരാമൻ മാറിയേക്കും. നീറ്റ് വിവാദത്തിൽ കുടുങ്ങിയ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനെ ഒഴിവാക്കിയേക്കും. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും കേന്ദ്രമന്ത്രിസഭയിൽ നിന്നും പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ റിസർവ് ബാങ്ക് ഗവർണറുമായ ശക്തികാന്ത ദാസ് കേന്ദ്രമന്ത്രിസഭയിൽ ഇടംനേടുമെന്നാണ് അഭ്യൂഹം. ശക്തികാന്ത ദാസിന് ധനവകുപ്പ് നൽകിയാൽ, നിർമല സീതാരാമൻ മാനവവിഭവശേഷി വകുപ്പിലേക്ക് മാറിയേക്കും. ശിവസേന, തൃണമൂൽ പാർട്ടികൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയേക്കും. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തു നിന്നും എംപിമാരെ അടർത്തിമാറ്റുന്നതിൽ നിർണായക പങ്കു വഹിച്ച ശ്രീകാന്ത് ഷിൻഡേയെ കേന്ദ്രമന്ത്രിയാക്കുമെന്നും റിപ്പോർട്ടുണ്ട്.
ആം ആദ്മി പാർട്ടിയിൽ നിന്നും ബിജെപിയിലേക്ക് എത്തിയ രാഘവ് ഛദ്ദ, അശോക് മിത്തൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്. ബിജെപി ജനറൽ സെക്രട്ടറി തരുൺ ഛുഗ്, മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ എന്നിവരും കേന്ദ്രമന്ത്രിസഭയിൽ ഇടംപിടിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ജോർജ് കുര്യൻ രാജിവെച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നും ആരെങ്കിലും മന്ത്രിസഭയിൽ ഇടംനേടുമോയെന്നതിൽ ആകാംക്ഷ തുടരുകയാണ്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അമിത് ഷാ രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രിസഭാ പുനഃസംഘടനയും ചർച്ചയായതായാണ് സൂചന.