തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി ;മേയറും ഡെപ്യൂട്ടിമേയറുമടക്കം പ്രതികൾ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽഉണ്ടായ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും പൊലീസ് കേസെടുത്തു. എൽഡിഎഫ് കൗൺസിലർ സിന്ധു ശശിയുടെ പരാതിയിൽ മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് എന്നിവർക്കെതിരെ മ്യൂസിയം പൊലീസ് ആണ് കേസെടുത്തത് . ബിജെപി കൗൺസിലർ ശ്രുതിയുടെ പരാതിയിൽ സിപിഎം അംഗങ്ങളായ എസ് പി ദീപക്, മുൻ മേയർ ശ്രീകുമാർ, വഞ്ചിയൂർ ബാബു അടക്കം അഞ്ച് പേർക്കെതിരെയും കേസെടുത്തു.സത്യപ്രതിജ്ഞാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എൽഡിഎഫ് പ്രതിഷേധിച്ചത്. കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ സുഗതൻ രാജിവെക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെടുന്നു. മേയർ വി വി രാജേഷും മറ്റ് ബിജെപി കൗൺസിലർമാരും ഓഫീസിലേക്കെത്തിയതു മുതൽ ഉന്തും തള്ളുമായി. ഓഫിസിൽ പ്രവേശിക്കാൻ അനുവദിക്കാതെ സിപിഎം കൗൺസിലർമാർ മേയറെ തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്.
സംഘർഷത്തിനിടെ മേയർ ഉൾപ്പെടെ നിലത്തുവീണു. പൊലീസ് ഏറെ പണിപ്പെട്ടാണ് മേയറെ ഓഫീസിനുള്ളിലേക്ക് മാറ്റിയത്. സംഘർഷത്തിനിടെ സിപിഎമ്മിന്റെ കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിയുടെ തലപൊട്ടി. മേയർ വിവി രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു. തലക്ക് പരിക്കേറ്റ സിന്ധു ശശിയുടെ തലയിൽ നാലു തുന്നലുകളുണ്ട്. സംഘർഷമറിഞ്ഞ് നഗരസഭയുടെ പുറത്ത് റിലേ സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ സിപിഎം പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിക്കുകയും ചെയ്തിരുന്നു.