ബജറ്റിലെ വിവാദ പ്രഖ്യാപനങ്ങൾ ;മുഖ്യമന്ത്രി വിഡി സതീശന് പിന്തുണയുമായി ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഏറ്റവും വിവാദപരമായ രണ്ട് പ്രഖ്യാപനങ്ങൾക്കെതിരെ മുസ്‌ലിം സമൂഹത്തിൽ നിന്നും സംഘടനകളിൽ നിന്നും ശക്തമായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ എതിർപ്പുകൾ ഉയരുന്നതിനിടയിൽ, മുഖ്യമന്ത്രി വിഡി സതീശന് ശക്തമായ പിന്തുണയുമായി ലീഗ് പാർലമെന്ററി പാർട്ടി നേതാവും വ്യവസായ മന്ത്രിയുമായ പികെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതി നടപ്പിലാക്കുന്നതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതുമായ ബജറ്റ് നിർദ്ദേശങ്ങളിലാണ് ലീഗ് ഔദ്യോഗിക നിലപാടിന് വിരുദ്ധമായി കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ നൽകിയത്.
ഈ രണ്ട് വിഷയങ്ങളിലും പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും അനുയോജ്യമായ സമയത്തും വേദികളിലും പാർട്ടി അഭിപ്രായം വ്യക്തമാക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഈ രണ്ട് വിഷയങ്ങളും പരിഗണനയ്ക്ക് വന്നപ്പോൾ, കോൺഗ്രസിനുള്ളിൽ നിന്നും യുഡിഎഫിൽ നിന്നും ഉയർന്ന ശക്തമായ വിമർശനങ്ങളെ പ്രതിരോധിച്ച് കുഞ്ഞാലിക്കുട്ടിയും മുതിർന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്ക് പിന്നിൽ ഉറച്ചുനിൽക്കുകയായിരുന്നു.