ഇരട്ട ഗോളുമായി റോണോ; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

By :  Devina Das
Update: 2026-06-24 06:24 GMT

ഹൂസ്റ്റൺ: വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തി തകർത്തെറിഞ്ഞ്, റെക്കോർഡുകൾ കൈപ്പിടിയിലാക്കി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുതിപ്പ് തുടർന്നപ്പോൾ പോർച്ചുഗലിന് മിന്നും ജയം. ഗ്രൂപ്പ് കെയിലെ നിർണായക മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പറങ്കിപ്പടയുടെ വിജയം. ഇരട്ട ഗോളുകളോടെ മുന്നിൽ നിന്നു നയിച്ച നായകൻ റോണോയുടെ ചിറകിലായിരുന്നു പോർച്ചുഗീസ് ടീമിന്റെ തേരോട്ടം.നിറം മങ്ങിയെന്നും ഇനിയൊരു തിരിച്ചു വരവില്ലെന്നുമുള്ള വിമർശനങ്ങളുടെ നടുവിലാണ്, സമ്മർദ്ദങ്ങളുടെ കൊടുമുടിയിലാണ് റോണാൾഡോ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നും, ഇനിയുമേറെ കളിമികവ് തനിക്കുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള ഇരട്ട ഗോളുകൾ നേടിയത്. കോംഗോയ്ക്കെതിരേ കണ്ട പോർച്ചുഗലും റൊണാൾഡോയും ആയിരുന്നില്ല ഉസ്ബെക്കിസ്ഥാനെതിരെ കണ്ടത്. കളിയിൽ മാത്രമല്ല, മനോഭാവത്തിലും അടിമുടി മാറ്റം പ്രകടമായിരുന്നു.

കളിയുടെ ആറാം മിനിറ്റിലാണ് ലോകം കാത്തിരുന്ന റോണോ ഗോൾ പിറന്നത്. വലതുവിങ്ങിൽ നിന്ന് ജാവോ കാൻസലോ നൽകിയ ക്രോസ്സ് തകർപ്പൻ ഫസ്റ്റ് ടൈം ഷോട്ടിലൂടെ റൊണാൾഡോ വലയിലെത്തിച്ചപ്പോൾ ഉസ്‌ബെക്കിസ്ഥാൻ ഗോളിക്ക് കാഴ്ചക്കാരനായി നിൽക്കാനേ സാധിച്ചുള്ളൂ. ഈ ലോകകപ്പിൽ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോൾ. 2006 മുതൽ തുടർച്ചയായി ആറു ലോകകപ്പുകളിലും ഗോൾ നേടുന്ന താരമെന്ന റെക്കോഡ് റോണോയ്ക്ക് സ്വന്തമായി. മെസിയെപ്പോലും മറികടന്നാണ് റോണോ ചരിത്രം തിരുത്തിയത്.

Similar News