ഫൈബ്രോമയാള്‍ജിയ എന്ന അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത് ;തുറന്നു പറഞ്ഞ് അനശ്വരയുടെ സഹോദരി

By :  Devina Das
Update: 2026-07-08 09:20 GMT

ഐശ്വര്യ രാജന്റെ വാക്കുകൾ

16-ാമത്തെ വയസില്‍ എനിക്ക് അപ്പെന്‍ഡിസൈറ്റിസ് സര്‍ജറി നടന്നിരുന്നു. അത് ഭയങ്കര കോംപ്ലിക്കേറ്റഡ് ആയിരുന്നു. മാസങ്ങളോളം ബെഡ് റെസ്റ്റ് വേണ്ടി വന്നു. പിന്നീ‌ട് 20-ാം വയസിലേക്ക് കാലെടുത്ത് വച്ച സമയത്ത് പഠിച്ചോണ്ടിരുന്നപ്പോള്‍ എനിക്ക് എഴുതാന്‍ പറ്റുന്നില്ല. സ്കാനിങ്ങും എംആര്‍ഐ ഒക്കെ എടുത്ത് ഞാന്‍ കണ്ടുപിടിച്ചു.

എന്‍റെ ഡിസ്ക് പോയി. എനിക്ക് കുനിയാൻ ഒന്നും പറ്റില്ല. ബെഡ് റസ്റ്റ് വേണമെന്ന് പറഞ്ഞു. മൂന്ന് മാസം ബെഡ് റസ്റ്റ് ആയിരുന്നു. ഡിഗ്രി ഫൈനല്‍ ഇയറായി. എനിക്ക് എപ്പോഴും ഇരിക്കാന്‍ പറ്റില്ല 30 മിനിറ്റ് കഴിയുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടി വന്നു. ആറാം സെമസ്റ്റര്‍ മുഴുവന്‍ ക്ലാസില്‍ നില്‍ക്കേണ്ടി വന്നു. അതെല്ലാം അതിജീവിച്ചാണ് കോളജ് പഠനം പൂര്‍ത്തിയാക്കിയത്. നിന്നു കൊണ്ടായിരുന്നു പരീക്ഷ എഴുതിയത്.

എല്ലാവര്‍ക്കും ഈസിയായിട്ടുള്ള കാര്യങ്ങള്‍ എനിക്ക് ഈസിയല്ല. കോഴിക്കോട് ബാങ്ക് കോച്ചിങ്ങിന് പോയപ്പോഴാണ് സുഹൃത്ത് പറഞ്ഞ് ആയുര്‍വേദത്തില്‍ ചികിത്സയ്ക്ക് പോയത്. ഗുണം 1.2 ലക്ഷം രൂപ നഷ്ടമായി. ഫലം സീറോ റിസൽറ്റായിരുന്നു. അങ്ങനെ കെുറേ ഡോക്ടര്‍മാരെ കണ്ടു. കൊവിഡിനൊക്കെ മുന്‍പാണിത്. കുറേ പേരെന്നെ ട്രോമയിലാക്കി. നടുവേദനയും മറ്റ് വേദനകളും എല്ലാം നന്നായിട്ട് കൂടി.

കുറേ ബെഡ് റസ്റ്റ് ആയി. നല്ലൊരു സമയമായിരുന്നു അത്. കൊച്ചിയില്‍ ഫിസിയോ തെറാപ്പി ചെയ്യാന്‍ പോയിരുന്നു. ഒരുദിവസം ഞാന്‍ നടുവ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ബ്ലെഡ് കോട്ടായി നീലിച്ച് കിടക്കുകയാണ്. അവിടെന്ന് എനിക്ക് ഒരു മാറ്റവും ഉണ്ടായില്ല. വേദന കൂടിയത് അല്ലാതെ. ഇരിക്കാന്‍ പറ്റാതായി, ഒരു റോബോട്ടിനെ പോലെയായിരുന്നു ഞാന്‍ നടന്നുകൊണ്ടിരുന്നത്.

വേദനകള്‍ എല്ലാം കൂടി. ഒടുവില്‍ സലാം പറഞ്ഞ് ഞാന്‍ അവിടെന്ന് ഇറങ്ങി. പിന്നീട് ആയുര്‍വേദം അടക്കം ഒന്നിനോടും എനിക്ക് ഒരു വിശ്വാസം ഇല്ലാതായി. എനിക്ക് ഇപ്പോഴും ഓടാനൊന്നും പറ്റില്ല. അനു (അനശ്വര)വിനൊപ്പം ഞാൻ ഓടുന്ന ഒരു വിഡിയോ കണ്ട് പലരും എന്നെ കളിയാക്കിയിരുന്നു. പ്രണയ ബന്ധത്തിലും ഇത് ബാധിച്ചു. പ്രസവിക്കാന്‍ പറ്റുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നു. ഗര്‍ഭിണയാവുക എന്നതാണല്ലോ ഒരു പെര്‍ഫെക്ട് വുമണ്‍ എന്നത്. അങ്ങനത്തെ അനുഭവമൊക്കെ ഉണ്ടായിരുന്നു.

പെയിന്‍ കില്ലറുകള്‍ക്കൊന്നും എനിക്ക് ആശ്വാസം തരാന്‍ പറ്റിയിരുന്നില്ല. 'നടുവേദനയുള്ള കുട്ടി' എന്നായി എന്റെ ഐഡന്റിറ്റി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഫൈബ്രോമയാള്‍ജിയ എന്ന അവസ്ഥയിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോകുന്നത്. അതായത് ശരീരത്തിലെ എല്ലാ സെല്ലും ഭയങ്കര വേദനയായിരിക്കും. ചുണ്ടും ചെവിയും അല്ലാതെ ശരീരത്തില്‍ എവിടെ തൊട്ടാലും വേദനയാണ്. വളരെ ബുദ്ധിമുട്ടാണ്.

ഒന്നു തൊടുമ്പോൾ പോലും വേദന. ഞാൻ മനസ്സിലാക്കി എനിക്ക് അതാണ് പ്രശ്നം. വേദനയുടെ ഒരു കടൽ, അങ്ങനെയൊരു നിർവചനമാണ് ഞാനതിന് കൊടുത്തിരിക്കുന്നത്. നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടെങ്കിൽ ഗൂഗിൾ ചെയ്ത് നോക്കൂ. എന്റെ മുഴുവൻ ശരീരത്തിലും ഇൻഫ്ലമേഷൻ ഉണ്ടായിരുന്നു. എന്റെ തലയോട്ടി പോലും മസാജ് ചെയ്യാൻ പറ്റില്ല. തലയോട്ടിയിൽ തൊടുമ്പോൾത്തന്നെ വേദനയാണ്. പിന്നെ എന്റെ കഴുത്തിന്റെ ഭാഗം,

മുഖം... ഇവിടെയൊക്കെ പണ്ടുമുതലെ എനിക്ക് വേദനയുണ്ട്. എന്റെ ഒരു എട്ടോ ഒമ്പതോ പത്ത് തൊട്ടൊക്കെ ഉണ്ട്. എനിക്ക് എപ്പോഴും ടോൺസിലൈറ്റിസ് വരുവായിരുന്നു. അപ്പോഴൊക്കെ കാണിക്കുമ്പോൾ ഡോക്ടർ ഇവിടെ തൊടുമ്പോഴൊക്കെ എനിക്ക് വേദനയാണ്. തൈറോയ്ഡ് ആണെന്നൊക്കെ സംശയിച്ച് ടെസ്റ്റ് ചെയ്യും. തൈറോയ്ഡ് ഇല്ല എനിക്ക്. വിരലിന്റെ തുമ്പിൽ പോലും വേദന! വേദനയില്ലാത്ത സ്ഥലം ... ചുണ്ടിന് വേദനയില്ല. ചെവിയുടെ ചെറിയ ഭാഗത്തിന് വേദനയില്ല.

ബാക്കി എല്ലാ സ്ഥലത്തും വേദനയുണ്ട്. ഇപ്പോള്‍ എനിക്ക് 28 വയസുണ്ട്. ഇത്രയും ഞാനിത് തുറന്ന് പറയുന്നത് നിങ്ങളുടെ സിംപതിയ്ക്കോ എംപതിയ്ക്കോ വേണ്ടിയല്ല. അതുകൊണ്ട് എനിക്കൊരു പ്രയോജനവും ഇല്ല. ഇപ്പോള്‍ ഞാന്‍ ഹീലിങ് ഘട്ടത്തിലാണ്, പിന്നീട് അതിനെ കുറിച്ച് പറയുമ്പോൾ ക്ലാരിറ്റി കി‌ട്ടാനാണ് ഇതൊക്കെ പറഞ്ഞത്.അതുകൊണ്ട് ആരുടേയും ‘അയ്യോ’ സാധനം വേണ്ട. എനിക്ക് എന്തൊക്കെ മാറ്റങ്ങൾ വന്നുവെന്ന് മനസ്സിലാകാൻ മാത്രം പറഞ്ഞതാണ്. ചിലപ്പോൾ ആർക്കെങ്കിലും ഈ വിവരങ്ങൾ സഹായിച്ചാലോ. ഞാൻ അനുഭവിച്ച ഏതെങ്കിലും കാര്യങ്ങൾ അനുഭവിച്ചവർക്ക് ഇത് ഉപകാരപ്പെടും. അതു കേൾക്കാൻ വേണ്ടിയാണ് ഞാനിതു പങ്കുവയ്ക്കുന്നത്.

Similar News