ഷൂട്ടിങിനിടെ പ്രാണിയുടെ കടിയേറ്റു ;രാജേഷ് ശര്‍മയുടെ നില ഗുരുതരം
പ്രഭാസ് നായകനായ ചിത്രത്തിന്റെ ഷൂട്ടിങിനിടെ പ്രാണിയുടെ കടിയേറ്റ് നടൻ രാജേഷ് ശർമ ആശുപത്രിയിൽ. പശ്ചിമ ബംഗാളിലെ ധക്കൂരിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ് താരമിപ്പോൾ. താരത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.രാമോജി ഫിലിം സിറ്റിയിൽ വച്ചായിരുന്നു ചിത്രീകരണം. പാക്കപ്പിന് ശേഷം പ്രദേശവാസികളായ ടെക്‌നീഷ്യന്മാരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു രാജേഷ്. കാടുപിടിച്ച സ്ഥലത്തായിരുന്നു നടൻ നിന്നിരുന്നത്. ഈ സമയത്താണ് പ്രാണിയുടെ കടിയേൽക്കുന്നത്. എന്നാൽ രാജേഷ് ഇക്കാര്യം ആദ്യം ഗൗരവ്വമായിട്ടെടുത്തില്ല. പ്രാഥമിക ചികിത്സ തേടാതെ രാജേഷ് മുന്നോട്ട് പോവുകയായിരുന്നു.
അതേസമയം, അത് പ്രാണിയാണ് കടിച്ചതെന്ന് ഇനിയും വ്യക്തമല്ല. ആറ് മണിക്കൂറുകൾക്ക് ശേഷം രാജേഷിന് വലതുകാലിന് കഠിനമായ വേദന അനുഭവപ്പെടുകയായിരുന്നു. ആരോഗ്യാവസ്ഥ മോശമായപ്പോഴും രാജേഷ് കൊൽക്കത്തയിലേക്ക് തിരികെ പോകാനായി വിമാനം കയറി. യാത്രയ്ക്കിടെ അദ്ദേഹത്തിന് കഠിനമായ പനിയുണ്ടായി. ആരോഗ്യാവസ്ഥ കൂടുതൽ മോശമായതോടെ തൊട്ടടുത്ത ദിവസം ആശുപത്രിയിലെത്തിക്കുകയായിരുന്നു.ആശുപത്രിയിലെത്തി ഒരു ദിവസം കഴിഞ്ഞിട്ടും പനി കുറഞ്ഞിട്ടില്ല. ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്. വലതുകാലിൽ, കടിയേറ്റ ഭാഗത്തായി ഇൻഫെക്ഷനുമുണ്ട്. കാൽ വിരലിൽ നിന്നും ഇൻഫെക്ഷൻ കാൽമുട്ടിലേക്ക് വ്യാപിച്ചതായാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. താരം അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. താരത്തെ സസൂക്ഷ്മം നിരീക്ഷിച്ച് വരുന്നതായാണ് ഡോകർമാർ അറിയിച്ചത്. രക്തം കട്ട പിടിക്കുകയും അത് ശ്വാസകോശത്തിലേക്ക് നീങ്ങുകയും ചെയ്താൽ ജീവന് തന്നെ ആപത്തുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് താരത്തെ ചികിത്സിക്കുന്ന ഡോക്ടർ അവിജിത്ത് ഭട്ടാചാര്യ പറയുന്നത്.
സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് താരങ്ങളുടെ സംഘടനയായ ഓൾ ഇന്ത്യ സിനിമ വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിനിടെ തന്നെ ആരോഗ്യാവസ്ഥ മോശമായിട്ടും എന്തുകൊണ്ട് ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ചില്ല? സെറ്റിൽ അടിയന്ത്ര വൈദ്യ സഹായം ലഭ്യമായിരുന്നുവോ? നിർബന്ധിതമായ തൊഴിലി സുരക്ഷാ-ശുചിത്വ-അടിയന്തര വൈദ്യസഹായ പ്രോട്ടോക്കോളും പാലിച്ചിരുന്നുവോ എന്നെല്ലാം അന്വേഷിക്കണമെന്നും എഐസിഡബ്ല്യുഎ പറയുന്നു.