വിദ്യാര്‍ത്ഥികളേ, വീടുകളിലേക്ക് മടങ്ങൂ; നിലപാടിൽ മലക്കം മറിഞ്ഞ് സല്‍മാന്‍ ഖാന്‍

By :  Devina Das
Update: 2026-07-24 09:48 GMT

വിദ്യാര്‍ത്ഥികളോട് സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങാന്‍ നടന്‍ സല്‍മാന്‍ ഖാന്‍. പരീക്ഷാക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് കഴിഞ്ഞ ദിവസം സല്‍മാന്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി മൗനം വെടിഞ്ഞതോടെയാണ് സല്‍മാന്‍ ഖാന്‍ മലക്കം മറിഞ്ഞിരിക്കുന്നത്.നിരാഹാര സമരം കിടന്നിരുന്ന സോനം വാങ്ചുക്കിനോട് നിരാഹര സമരം അവസാനിപ്പിക്കാനും വേണമെങ്കില്‍ തന്റെ വീട്ടില്‍ നിന്നും ഭക്ഷണം അയക്കാമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.''വിദ്യാഭ്യാസപരമായും സുരക്ഷാപരമായും വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രഥമ പരിഗണന, അതിനാല്‍ വിദ്യാര്‍ത്ഥികളോ അവരുടെ മാതാപിതാക്കളോ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ല. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്; ഈ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ അദ്ദേഹം കര്‍ശന നടപടിയെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ വിദ്യാര്‍ത്ഥികളേ, ദയവായി നിങ്ങളുടെ വീടുകളിലേക്കും മാതാപിതാക്കളുടെ അടുത്തേക്കും മടങ്ങുക.'' എന്നാണ് സല്‍മാന്‍ ഖാന്‍ കുറിച്ചത്.''സോനം, ഇതോടെ ഇത് അവസാനിച്ചു സഹോദരാ. ഇത് ഇനി നീട്ടിക്കൊണ്ടുപോകരുത്. ആവശ്യമെങ്കില്‍ ഈ വീര്യം മറ്റൊരു ദിവസത്തേക്ക് കാത്തുവെക്കൂ. അതിനുള്ള സാഹചര്യം വരും എന്ന് ഞാന്‍ കരുതുന്നില്ല. എന്തെങ്കിലും കഴിക്കൂ....വേണമെങ്കില്‍ ഞാന്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊടുത്തയക്കാം' എന്നും സല്‍മാന്‍ ഖാന്‍ എക്‌സില്‍ കുറിച്ചു.

നേരത്തെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി എത്തിയ താരമാണ് സല്‍മാന്‍ ഖാന്‍. സമാധനപരമായ സമരം അക്രമാസക്തമായതില്‍ ദുഃഖമുണ്ടെന്നും താന്‍ മര്‍ദനമേറ്റ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.അതേസമയം, 26 ദിവസം നീണ്ടു നിന്ന നിരാഹാര സമരം അവസാനിപ്പിച്ചിരിക്കുകയാണ് സോനം വാങ്ചുക്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയുടെയും ജിതേന്ദ്ര സിങിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ഉപവാസം അവസാനിപ്പിച്ചത്. ജിതേന്ദ്ര സിങ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സഹായിക്കുന്നതും ജെ പി നഡ്ഡ അദ്ദേഹത്തിന് വെള്ളം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നു.സമരം അവസാനിപ്പിക്കുന്ന സമയത്ത് വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ അടുത്തുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ വാങ്ചുകിനെ സന്ദര്‍ശിച്ചതും നിരാഹാരസമരം ഒത്തുതീര്‍പ്പായതും.

Similar News