സ്വപ്‌നങ്ങൾ എല്ലായ്‌പോഴും യാഥാർഥ്യമാകണമെന്നില്ല ;ജാക്കി ചാൻ

By :  Devina Das
Update: 2026-07-08 09:16 GMT

എപ്പോഴും കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കണമെന്നും സ്വപ്നങ്ങളില്ലാതെ വിജയിക്കാനാകില്ലെന്നും പറഞ്ഞു ജാക്കി ചാൻ

"ഇന്ന് നിങ്ങളെ കാണുമ്പോൾ എനിക്ക്, എന്റെ കുട്ടിക്കാലവും ആ എളിയ തുടക്കവും ഓർമ വന്നു. എനിക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. എന്റെ ഏക പ്രതീക്ഷ ഒരു പാത്രം ചോറും എന്റെ ടീച്ചറുടെ കയ്യിൽ നിന്ന് അടി കിട്ടാതിരിക്കുക എന്നതുമായിരുന്നു. എന്നാൽ ഇന്നത്തെ വിദ്യാർഥികൾ വ്യത്യസ്തരാണ്. അവർക്ക് കൂടുതൽ പ്രതീക്ഷിക്കാനുണ്ട്. ദയവായി നിങ്ങൾ കഠിനാധ്വാനം ചെയ്യുക.

സ്വപ്നങ്ങൾ എല്ലായ്പ്പോഴും യാഥാർഥ്യമാകണമെന്നില്ല. എന്നാൽ സ്വപ്നങ്ങളില്ലാതെ നിങ്ങൾക്ക് ഒരിക്കലും വിജയിക്കാൻ കഴിയില്ല. ഇന്ന് നിങ്ങൾ കഠിനാധ്വാനം ചെയ്താൽ, വർഷങ്ങൾക്ക് ശേഷം നിങ്ങൾ നിങ്ങളോട് തന്നെ നന്ദി പറയും. ഇല്ലെങ്കിൽ, ഭാവിയിൽ തിരിഞ്ഞു നോക്കുമ്പോൾ നിങ്ങൾക്ക് വിഷമം മാത്രമേ ഉണ്ടാവുകയുള്ളൂ". - ജാക്കി ചാൻ പറഞ്ഞു.റോഡ് മുറിച്ചുകടക്കാൻ ആരെയെങ്കിലും സഹായിക്കുക, മാലിന്യം പെറുക്കി മാറ്റുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യണമെന്നും വിദ്യാർഥികളോട് സൂപ്പർ സ്റ്റാർ പറഞ്ഞു. "നിങ്ങൾ വളർന്നു വലുതാവുകയും വിജയിക്കുകയും ചെയ്യുമ്പോൾ, മറ്റുള്ളവരെ സഹായിക്കുക. എല്ലാവരും പരസ്പരം സഹായിച്ചാൽ ദാരിദ്ര്യം ഉണ്ടാകില്ല. സ്നേഹവും സമാധാനവും ഉള്ളപ്പോൾ, യുദ്ധം ഉണ്ടാകില്ല". -അദ്ദേഹം പറഞ്ഞു.

അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുമ്പോൾ പേടിയുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. "തീർച്ചയായും എനിക്ക് പേടിയുണ്ട്. ഞാൻ സൂപ്പർമാൻ ഒന്നും അല്ല, ഒരു സാധാരണക്കാരൻ മാത്രമാണ്. എന്റെ പരമാവധി ചെയ്യണം എന്ന ആ​ഗ്രഹം മാത്രമേ എനിക്കുള്ളൂ". - അദ്ദേഹം വ്യക്തമാക്കി.

തിരക്കേറിയ ജീവിതത്തിനിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ മൊബൈൽ ഫോണിൽ ചെലവഴിക്കുന്ന സമയം കുറച്ചാൽ എല്ലാത്തിനും സമയമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. "സ്ക്രീൻ ടൈം നിങ്ങൾ സെറ്റ് ചെയ്യണം. നിങ്ങളാ ഫോൺ ഒന്ന് താഴെ വച്ചാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ധാരാളം സമയമുണ്ടെന്ന കാര്യം നിങ്ങൾക്ക് മനസിലാകും". - ജാക്കി ചാൻ പറഞ്ഞു.

Similar News