ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ;10 സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

By :  Devina Das
Update: 2026-07-07 04:58 GMT

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്കിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കോടതി വിധി ഇന്ന് . സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐപി ബിനു ഉൾപ്പെടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. ആക്രമണ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കോടതി ദൃശ്യങ്ങൾ കണ്ടത്. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനെ പ്രതികൾ എതിർത്തിരുന്നു. വിചാരണ വേളയിലാണ് തെളിവുകൾ പരിശോധിക്കുന്നതെന്നും, കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പ്രതികളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഈ എതിർപ്പ് തള്ളിയാണ് കോടതി ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചത്.

കേസിൽ 25 സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായത്. ഇതിൽ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസിൽ കക്ഷി ചേർന്നിരുന്നു. ആക്രമണം നിസ്സാരമായി കാണാനാകില്ലെന്നും, ബംഗാൾ മോഡലിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നാണ് ഇഡി വാദിച്ചത്.ഇഡി ഉദ്യോഗസ്ഥരെ തടയാനായി പെട്ടെന്നു തന്നെ മുന്നൂറോളം പേരാണ് അവിടെ തടിച്ചു കൂടിയത്. ഇത് രാഷ്ട്രീയമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇഡി വാദിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും, അതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും ഇഡി വാദിച്ചു. കേസിലെ 9-ാം പ്രതി ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ചതാണ് വിവാദമായത്. അന്വേഷണം അവസാനിച്ചുവെന്ന് അന്നത്തെ പ്രോസിക്യൂട്ടർ ഗീനാകുമാരി കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ജാമ്യം അനുവദിച്ചത്. ഇതു വിവാദമായതോടെ ഗീനാകുമാരിയെ മാറ്റി, പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നു.

Similar News