പിഎം ശ്രീയിൽ പദ്ധതിക്ക് ഹൈക്കമാന്‍ഡിന്റെ 'ചെക്ക്';സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിയോജിപ്പ്
തിരുവനന്തപുരം: പിഎം ശ്രീ പോലുള്ള വിവാദ പദ്ധതികൾ നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈക്കമാൻഡ്. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ദേശീയ നേതൃത്വം ശക്തമായ വിയോജിപ്പ് അറിയിച്ചു. കേന്ദ്ര സർക്കാർ സഹായത്തോടെയുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും നീക്കങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണിത്.സംസ്ഥാന സർക്കാരിന്റെ നീക്കം ഏറെ വിവാദമായിരുന്നു. കേന്ദ്ര ഫണ്ടുകൾക്ക് വേണ്ടി, യുഡിഎഫ് സർക്കാർ രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായുമുള്ള പ്രഖ്യാപിത നിലപാടിൽ നിന്ന് വഴിമാറിയെന്നാണ് ആക്ഷേപം ഉയർന്നത്.
പിഎംശ്രീ പദ്ധതി പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കും പ്രത്യയശാസ്ത്ര നിലപാടുകൾക്കും വിരുദ്ധമാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സന്ദേശം പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സർക്കാരിന്റെ നീക്കങ്ങളിന്മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഗുണദോഷങ്ങൾ വിലയിരുത്തുന്നതിനായി സർക്കാർ ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നു. എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതായാണ് സൂചന. പാർട്ടിയുടെ രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളിൽ സർക്കാർ ഒരുവിധ വിട്ടുവീഴ്ചയും ചെയ്യരുത് എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം.സർക്കാരിന്റെ നിലപാട് മാറ്റം മുസ്ലിം ലീഗിനും മറ്റ് മുസ്ലിം സംഘടനകൾക്കുമിടയിൽ ശക്തമായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോൾ, യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി 'അറബിക്കടലിൽ എറിയും' എന്ന് ലീഗ് നേതാക്കൾ പ്രസ്താവിച്ചിരുന്നതാണ്.
'ദേശീയ വിദ്യാഭ്യാസ നയം പിൻവാതിലിലൂടെ നടപ്പിലാക്കാനുള്ള വഴിയാണ് പിഎം ശ്രീ പദ്ധതി. ഇത് സ്‌കൂൾ പാഠ്യപദ്ധതിയിലേക്ക് സംഘപരിവാർ പ്രത്യയശാസ്ത്രം കടന്നുവരുന്നതിന് വഴിയൊരുക്കും. കേരളത്തിൽ അത് സംഭവിക്കാൻ അനുവദിക്കില്ല.' ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
മാത്രമല്ല, സംഘപരിവാർ അജണ്ടയ്ക്ക് അനുസൃതമായി പിണറായി വിജയൻ സർക്കാർ സ്‌കൂൾ പാഠ്യപദ്ധതിയിൽ 'കാവിവൽക്കരണം' നടത്തിയെന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രധാന പ്രചാരണ ആയുധമാക്കിയിരുന്നു. ആ നിലപാടിൽ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യുന്നത്, പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ, പാർട്ടിയുടെയും യുഡിഎഫിന്റെയും വിശ്വാസ്യതയെ ബാധിക്കുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
അതേസമയം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സാഹചര്യത്തിൽ സർക്കാർ പിഎം ശ്രീ പദ്ധതി തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശനുമായി അടുത്ത വൃത്തങ്ങൾ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 'സർക്കാർ ഉപസമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.' നേതാവ് വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. മുൻ എൽഡിഎഫ്. സർക്കാർ കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും കേന്ദ്ര ഫണ്ട് കൈപ്പറ്റുകയും ചെയ്തതിനാലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാനം നിർബന്ധിതരായതെന്ന് മുഖ്യമന്ത്രി വി ഡി സതീശനും മുസ്ലിം ലീഗും അവകാശപ്പെടുന്ന സമയത്താണ് ഹൈക്കമാൻഡിന്റെ ഈ ഇടപെടൽ. പദ്ധതി ഉപേക്ഷിക്കുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന നിലപാടിൽ മുഖ്യമന്ത്രിയും ഉറച്ചുനിൽക്കുന്നുണ്ട്.