സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ;ഈ മാസം ആറ് മരണം

By :  Devina Das
Update: 2026-06-27 04:55 GMT

കോഴിക്കോട്: സംസ്ഥാനത്ത് എട്ടു പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിതീകരിച്ചു .കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 180 പേർക്ക് രോഗബാധയും ആറു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 256 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (61), വയനാട് (25), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്‌ബ്രേക്ക് കണ്ടെത്തിയത്. മലപ്പുറം (25), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (12), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസം നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപെട്ട ഒരാളെ ക്വാറന്റീനിൽ നിന്നു ഒഴിവാക്കി. രോഗബാധിതന്റെ സഹപ്രവർത്തകൻ ആയിരുന്നു ഇദ്ദേഹം. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണവും ഉണ്ടാകാത്തതിനെ തുടർന്നാണിത്. നിലവിലെ രോഗിയുമായി അടുത്തു സമ്പർക്കം പുലർത്തിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ നിന്ന് ആദ്യമായാണ് ഒരാളെ ഒഴിവാക്കുന്നത്. നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിലെ നാലു പേരും, ഉയർന്ന വിഭാഗത്തിലെ 13 പേരും ക്വാറന്റീനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തിലെ 75 പേർ നിരീക്ഷണത്തിലാണ്. നിപ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സ തുടരുന്നു.

Similar News