നിതിൻ രാജിന്റെ മരണം ;ഡോ. എംകെ റാമിന്റെ ഒളിത്താവളം കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല

By :  Devina Das
Update: 2026-06-27 05:22 GMT

കണ്ണൂർ : അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർഎൽ നിതിൻരാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയും കോളജ് അധ്യാപകനായിരുന്ന ഡോ. എംകെ റാമിന്റെ ഒളിത്താവളം ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ഡോ എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് റാം ആന്ധ്രയിലെ ചിറ്റൂരിലുള്ള ഒളിസങ്കേതത്തിലേക്ക് മാറുകയായിരുന്നു. മൂന്ന് ദിവസം മുൻപാണ് കണ്ണൂരിലെ ക്രൈം ബ്രാഞ്ച് സംഘം ചിറ്റൂരിലെത്തിയത് സംസ്ഥാനത്ത് ഏറെ രാഷ്ട്രീയസ്വാധീനമുള്ള റാമിനെ പിടികൂടാൻ ആന്ധ്ര പൊലിസിന്റെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്.തിരുവനന്തപുരം ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തു വീട്ടിൽ വൈ രാജൻ, സി.ആർ.ലത ദമ്പതികളുടെ മകൻ നിതിൻരാജ് കഴിഞ്ഞ ഏപ്രിൽ പത്തിനാണ് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു ചാടിമരിച്ചത്. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ12 നാണ് ഹൈക്കോടതി തള്ളിയിരുന്നു. ചോദ്യംചെയ്യലിന് തടസ്സമില്ലെന്നും അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി പറഞ്ഞിരുന്നു.

ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണൻനായരുടെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഏപ്രിൽ 30 നാണ് അന്വേഷണം സിറ്റി പൊലീസ് മുൻ കമ്മിഷണർ പി നിധിൻരാജിന്റെ നേത്യത്വത്തിലുണ്ടായിരുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്നും ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചിറ്റൂരിലുള്ളത്. ഇതിനിടെ പൊലിസിന്റെ കണ്ണുവെട്ടിച്ച് മുങ്ങി നടക്കുന്ന ഡോക്ടർ എംകെ റാം സുപ്രീം കോടതിയിൽ നിന്നും മുൻകൂർജാമ്യം നേടാനുള്ള അണിയറ നീകങ്ങളും നടത്തുന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

Similar News