ഗവൺമെന്റ് പ്ലീഡർ നിയമനം പുനഃപരിശോധിക്കില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് ജിയോണ ജയിംസിനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച വിവാദ നടപടി പുനഃപരിശോധിക്കില്ലെന്ന് സർക്കാർ. ജിയോണയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വിഡി സതീശനെ നേരിട്ട് കണ്ട് പരാതി നൽകിയെങ്കിലും, മന്ത്രിസഭാ തീരുമാനം മാറ്റാനാകില്ലെന്ന കർശന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. കെഎസ്‌യു നേതാക്കളുടെ ആരോപണങ്ങളും തെളിവുകളും കേട്ട ശേഷമാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് സർക്കാർ അടുത്തിടെ പുറത്തിറക്കിയ ഗവൺമെന്റ് പ്ലീഡർമാരുടെ പട്ടികയിൽ എസ്എഫ്ഐ, ആർഎസ്എസ് പശ്ചാത്തലമുള്ളവർ ഉൾപ്പെട്ടതാണ് ഭരണപക്ഷ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ പത്തു വർഷമായി തെരുവിൽ യുഡിഎഫിനായി പോരാടിയ പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് ഇത്തരം നിയമനങ്ങൾ നടത്തുന്നതെന്നായിരുന്നു അലോഷ്യസ് സേവ്യറിന്റെ പ്രധാന വിമർശനം.ജിയോണ ജയിംസിന്റെ സജീവ ഇടതുപക്ഷ രാഷ്ട്രീയ ബന്ധവും എസ്എഫ്ഐ പ്രവർത്തനങ്ങളും വ്യക്തമാക്കുന്ന രേഖകളും തെളിവുകളും കെഎസ്യു നേതൃത്വം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. മുൻ എൽഡിഎഫ് ഭരണകാലത്ത് സർക്കാർ അഭിഭാഷകർക്കൊപ്പം പ്രവർത്തിച്ച ജിയോണ, കെ.എസ്.യു പ്രവർത്തകർക്കെതിരായ കേസുകളിൽ എതിർഭാഗത്ത് ഹാജരായിട്ടുണ്ടെന്നും കെഎസ്യു ആരോപിക്കുന്നു. ഗവൺമെന്റ് പ്ലീഡറായി ചുമതലയേൽക്കാൻ എത്തിയപ്പോഴും സിപിഎം പ്രവർത്തകർ ഒപ്പമുണ്ടായിരുന്നുവെന്ന രൂക്ഷമായ ആരോപണവും സംഘടന ഉന്നയിച്ചു.അലോഷ്യസ് സേവ്യർ നൽകിയ പരാതി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇടപെട്ട് പരിഗണിച്ചതോടെയാണ് വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയത്. എന്നാൽ ജിയോണയുടെ നിയമനം റദ്ദാക്കാനാകില്ലെന്നും, കെപിസിസി പോഷക സംഘടനയായ ലോയേഴ്‌സ് കോൺഗ്രസിന്റെ ശുപാർശ പരിഗണിച്ചാണ് ഈ നിയമനം തയാറാക്കിയതെന്നും അതിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
മുഖ്യമന്ത്രി നിലപാടിൽ ഉറച്ചുനിന്നതോടെ വിഷയം അദ്ദേഹത്തിന്റെ വിവേചനത്തിന് വിട്ട് വിവാദങ്ങൾ അവസാനിപ്പിക്കാനാണ് കെഎസ്‍യു സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. എന്നാൽ സർക്കാർ തങ്ങളുടെ വികാരങ്ങളെ ലഘൂകരിച്ചു കാണുന്നതിൽ സംഘടനയ്ക്കുള്ളിൽ തന്നെ ആശയഭിന്നയുണ്ട്. പാർട്ടി നേതൃത്വവും പരസ്യ പ്രസ്താവന വിലക്കുമായി രംഗതെത്തിയതോടെ ഇനിയെന്ത് എന്നത് ഒരു ചോദ്യമാണെങ്കിലും നിലവിൽ മറ്റു മാർഗങ്ങളൊന്നും തന്നെ കെഎസ്‍യു നേതൃത്വത്തിനു മുന്നിലില്ല. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടികളോട് വിയോജിപ്പു പ്രകടിപ്പിച്ച് സംഘടനക്കകത്തു നിന്നുതന്നെ സ്വരം ഉയർന്നതും ഇതിനോടു ചേർത്തുവായിക്കണം