ദേശീയ ഡാം സുരക്ഷ പരിശോധന സമിതിയില്‍ നിന്ന് 'കേരള പ്രതിനിധിയെ ഒഴിവാക്കി;പ്രതിഷേധം

By :  Devina Das
Update: 2026-06-24 05:45 GMT

തൊടുപുഴ: ദേശീയ ഡാം സുരക്ഷ പരിശോധന സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം കനക്കുന്നു . പ്രശ്‌നത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപെരിയാർ സമരസമിതി ആവശ്യപ്പെട്ടു.

ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ നിഷ്പക്ഷ വിദഗ്ധർ അടങ്ങിയ കമ്മിറ്റിയിൽ നിന്നാണ് കേരള പ്രതിനിധിയായ നിശ്ചയിച്ച ടി കെ ശിവരാജനെ ഏകപക്ഷീയമായി നീക്കിയത്. സംസ്ഥാന സർക്കാർ നിർദേശിച്ച മൂന്നുപേരിൽ നിന്ന് കേന്ദ്ര ജല കമ്മീഷൻ മുൻ ചീഫ് എഞ്ചിനിയർ കൂടിയായ ശിവരാജനെ തെരഞ്ഞെടുത്തത് എൻഡിഎസ്എ തന്നെയാണ്. കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയെങ്കിലും തമിഴ്‌നാട് പ്രതിനിധി സമിതിയിൽ തുടരുകയാണ്. ഈ നടപടി മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് സമരസമിതി ചെയർമാൻ ഷാജി പി ജോസഫ് പറഞ്ഞു.പ്രതിനിധി മാറ്റുമ്പോൾ ഇതിന്റെ കാരണങ്ങൾ സംസ്ഥാനത്തെ അറിയിക്കേണ്ടതാണ്. പുതിയ ആളെ നിർദേശിക്കേണ്ടത് കേരളസർക്കാർ ആയിരുന്നു. എന്നാൽ എൻ ഡി എസ് എ തന്നെയാണ് പ്രതിനിധിയെ നിശ്ചയിച്ചത്. മുല്ലപ്പെരിയാറിൽ നിഷ്പക്ഷ വിദഗ്ധർ അടങ്ങിയ സംഘം പരിശോധന നടത്താനിരിക്കെ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നടപടി കേരളത്തിന് തിരിച്ചടിയാകുമെന്നാണ് ആശങ്ക

Similar News