സോളിസിറ്റര്‍ ജനറല്‍ ആയി തുഷാര്‍ മേത്ത ;മൂന്നു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകി കേന്ദ്രസർക്കാർ

By :  Devina Das
Update: 2026-06-22 09:15 GMT

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ തുഷാർ മേത്തയെ സോളിസിറ്റർ ജനറലായി (എസ്ജി) വീണ്ടും നിയമിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനം. മൂന്ന് വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത് . കാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം.തുഷാർ മേത്തയുടെ പുതിയ കാലാവധി ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻസ് മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇതോടെ തുഷാർ മേത്ത കേന്ദ്ര സർക്കാരിന്റെ രണ്ടാമത്തെ ഉയർന്ന നിയമ ഓഫീസർ (എസ്ജി) ആയി തുടരും.

2018 ലാണ് തുഷാർ മേത്ത സോളിസിറ്റർ ജനറലാകുന്നത്. ഇതിനകം എട്ട് വർഷം പൂർത്തിയാക്കി. പുതിയ കാലാവധി അവസാനിക്കുമ്പോൾ തുഷാർ മേത്ത സോളിസിറ്റർ ജനറൽ പദവിയിൽ പതിനൊന്ന് വർഷം പൂർത്തിയാക്കും. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച സോളിസിറ്റർ ജനറലായി തുഷാർ മേത്ത മാറും.

അഡീഷണൽ സോളിസിറ്റർ ജനറൽമാരായ സൂര്യപ്രകാശ് വി. രാജു, എൻ. വെങ്കിട്ടരാമൻ, ഐശ്വര്യ ഭാട്ടി എന്നിവരുടെ കാലാവധി മൂന്നു വർഷം കൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലെ രണ്ട് എ.എസ്.ജിമാരായ വിക്രം ജി ബാനർജി, കെ.എം. നടരാജ് എന്നിവരുടെ കാലാവധിയും മൂന്ന് വർഷത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതി എഎസ്ജി ചേതൻ ശർമ്മയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്.

Similar News