ബെവ്‌കോയിലെ പ്രതിസന്ധി പരിഹരിച്ചു ;ജവാന്‍ റം ഇനി മുതൽ പുത്തന്‍ ലുക്കില്‍
കൊച്ചി: കേരളത്തിലെ മദ്യ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും ശ്രദ്ധേയമായ ജവാൻ റം ഇനി മുതൽ പുത്തൻ ലുക്കിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലേക്ക് എത്തും. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെയാകും ഇനി ജവാൻ എത്തുക. ആവശ്യക്കാർ ഏറെയുള്ള ജവാൻ റം നിലവാരമില്ലാത്ത പ്ലാസ്റ്റിക് കുപ്പിയിലാണ് നിറയ്ക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇത് പരിഹരിച്ച് ഇനി മുതൽ ഐഎസ്ഒ നിലവാരമുള്ള കുപ്പിയിൽ മദ്യം എത്തിക്കാനാണ് എക്‌സൈസ് വകുപ്പ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിന് നൽകിയിരിക്കുന്ന നിർദേശം.
ബോട്ടിലിന് നിലവാരമില്ലെന്ന് വൻതോതിൽ പരാതി ഉയർന്നിരുന്നു. അടപ്പുകളുടെ ഭാഗത്തെ ലീക്കും ജവാൻ കുപ്പികളിൽ സാധാരണ സംഭവമായിരുന്നു. ഐഎസ്ഒ മുദ്രയുള്ള കുപ്പി വഴിയാവണം മദ്യ വിൽപനയെന്ന എക്‌സൈസ് മന്ത്രി എം ലിജുവിന്റെ ആവശ്യപ്രകാരം പുതിയ ടെണ്ടർ നടപടികൾ തുടങ്ങാൻ നിർമാതാക്കളോട് ബെവ്‌കോ എംഡി നിർദേശിച്ചുകഴിഞ്ഞു. വില ഉയർത്തേണ്ടി വരുമെന്നതിനാൽ ചില്ല് കുപ്പിയിൽ ജവാൻ വിപണിയിലെത്തിക്കാൻ തൽക്കാലം തീരുമാനമില്ല. ആവശ്യത്തിന് കുപ്പി ലഭിക്കാഞ്ഞതിനെ തുടർന്നുണ്ടായ നിർമാണ പ്രതിസന്ധി പൂർണമായും പരിഹരിച്ചെന്നും ബെവ്‌കോ വ്യക്തമാക്കിയിട്ടുണ്ട്.ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് 1974ൽ സൈനികർക്ക് മാത്രമായി വികസിപ്പിച്ച ജവാൻ പിന്നീട് 2008ൽ പൊതുവിപണിയിലിറക്കി. മദ്യം ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ നമ്പർ വൺ ആയി.ജവാൻ റം ലീറ്ററും, ഫുൾ ബോട്ടിലും വിപണിയിലേക്ക് പഴയമട്ടിൽ എത്തുന്നുണ്ട്. ബോട്ടിൽ, ലേബൽ ഉൾപ്പെടെയുള്ളവ വാങ്ങുന്നതിനുള്ള ടെണ്ടറിൽ ചില ഉദ്യോഗസ്ഥർ ബോധപൂർവമായ തിരിമറി നടത്തുന്നതായുള്ള പരാതി മന്ത്രിക്ക് ലഭിച്ചിരുന്നു. സ്വകാര്യ മദ്യ നിർമാണ കമ്പനികളെ സഹായിക്കാൻ ബോധപൂർവം ജവാൻ റമ്മിന്റെ നിർമാണത്തിൽ തടസം വരുത്തുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.
അതേസമയം മുൻമന്ത്രി എംബി രാജേഷ് പ്രഖ്യാപിച്ച 'മിന്നൽ മാജിക്ക്' ബ്രാൻഡിയുടെ ഉൽപാദനം വേണമോ എന്ന കാര്യം വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന്റെ തീരുമാനപ്രകാരമാണ് ഈ പുതിയ ബ്രാൻഡിന്റെ നിർമ്മാണവുമായി മുന്നോട്ട് പോയത്. ഇതിനായി 17 കോടി രൂപ ചെലവിട്ട് പുതിയ മെഷിനറികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഉൽപാദനം തുടങ്ങുന്ന കാര്യത്തിൽ ഉടൻ തീരുമാനം വേണ്ടെന്നാണ് പുതിയ സർക്കാരിന്റെ തീരുമാനം.