വീര്യം കൂടുന്ന മദ്യ വിവാദം ;മദ്യത്തിന്റെ നികുതിയിളവിൽ സർക്കാർ നിലപാട് ഇന്നറിയാം

By :  Devina Das
Update: 2026-06-24 04:45 GMT

തിരുവനന്തപുരം: ബജറ്റിൽസർക്കാർ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ളവിവാദം രൂക്ഷമാകുന്നതിനിടെ മദ്യനയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ഇന്നറിയാം. ഈ പ്രഖ്യാപനം പാർട്ടിക്കുള്ളിലും വലിയ തരത്തിൽ അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചയായേക്കും. വിവാദങ്ങളിൽ നിയമസഭയിലെ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ വൈകീട്ട് മുഖ്യമന്ത്രി വിഡി സതീശൻ നിലപാട് പ്രഖ്യാപിച്ചേക്കും.ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്റെ കടുത്ത അതൃപ്തിക്കും കോൺഗ്രസിനുള്ളിലെ ആഭ്യന്തര സമ്മർദ്ദങ്ങൾക്കും ഒടുവിൽ, നികുതി നിർദേശത്തിൽ മുഖ്യമന്ത്രി തിരുത്തലിന് തയ്യാറാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നികുതി കുറയ്ക്കാനുള്ള തീരുമാനം എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവുമായോ മുന്നണി നേതൃത്വവുമായോ മുൻകൂട്ടി ആലോചിക്കാതെയാണ് ധനവകുപ്പ് കൈക്കൊണ്ടത് എന്ന ആക്ഷേപം കോൺ​ഗ്രസ് പാർട്ടിയിലുമുണ്ട്. മുന്നണിയിൽ കൂടിയാലോചനയില്ലാതെ നയപരമായ തീരുമാനം കൈക്കൊണ്ടതിലാണ് മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തിയുള്ളത്. ലീഗ് നേതൃത്വം വിയോജിപ്പ് സർക്കാരിനെ അറിയിച്ചതായാണ് വിവരം.

എന്നാൽ നികുതി നിശ്ചയിച്ച നടപടിയിൽനിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പിന്നാക്കം പോകില്ലെന്നും സൂചനകളുണ്ട്. നികുതി നിശ്ചയിച്ചത് കൊണ്ടുമാത്രം വിൽപ്പനയ്ക്കുള്ള അന്തിമാനുമതി ആകുന്നില്ല. യുഡിഎഫ് സർക്കാരിന്റെ മദ്യനയം വന്നതിനുശേഷം സമവായത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി മതിയെന്നാണ് ആലോചന. അധികാരമേറ്റ് ഒരു മാസമാകുമ്പോഴേക്കും തിരുത്തലുകൾ കൂടുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ. പിണറായി വിജയൻ സർക്കാർ 0.5 ശതമാനം മുതൽ 20 ശതമാനംവരെ സ്പിരിറ്റുള്ളവ വീര്യംകുറഞ്ഞ മദ്യമെന്നനിലയിൽ പ്രത്യേക ഇനമാക്കി വിദേശമദ്യ ചട്ടത്തിൽ ഭേദഗതിവരുത്തിയിരുന്നു.

Similar News