നീറ്റ് പരീക്ഷ ക്രമക്കേട് ;ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യവുമായി ജന്തര്‍ മന്തറില്‍ ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം സംഘടിപ്പിക്കും. പങ്കെടുക്കുന്നവരെല്ലാം പ്ലേറ്റും സ്പൂണുമായി എത്തണമെന്നാണ് സ്ഥാപകൻ അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടു . പാത്രം കൊട്ടിയുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത് . ഉച്ചയ്ക്ക് ഒന്നു മുതലാണ് പരിപാടി.
പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപി വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് ഡൽഹി പൊലീസ് അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. ഡൽഹിയിൽ രണ്ടാഴ്ച മുൻപ് നടത്തിയ പ്രതിഷേധത്തിനു ശേഷം പുണെ, ലക്‌നൗ, അമൃത്‌സർ, ഹൈദരാബാദ്, ജയ്പുർ എന്നിവിടങ്ങളിലും ധർണ നടത്തിയിരുന്നു.
കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അനിശ്ചിതകാല ധർണയായി മാറുമെന്നും സംഘടന വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധത്തിനാണ് സംഘടന ആഹ്വാനം ചെയ്തിട്ടുള്ളതെന്നും അനുമതിക്കായി ഡൽഹി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. 'ഞങ്ങൾ സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം നൽകിയിരിക്കുന്നത്. ഡൽഹി പൊലീസിന്റെ സഹകരണം ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ജന്തർ മന്തറിൽ പൂർണമായും സമാധാനപരമായ രീതിയിലായിരിക്കും പ്രതിഷേധം നടക്കുക' -സൗരവ് ദാസ് വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമാകാനും പരിപാടികൾ അവതരിപ്പിക്കാനും കലാകാരന്മാരെയും ഗായകരെയും അദ്ദേഹം ക്ഷണിച്ചു.
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ആശങ്കപ്പെടുത്തുന്നതായി സിജെപി വക്താവ് അശുതോഷ് രങ്ക പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് ശേഷം 11 വിദ്യാർഥികളാണ് ജീവനൊടുക്കിയത്. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.