വി ഡി സതീശൻ അഹങ്കാരി ;ഇനി കാല് പിടിക്കാനില്ല ;കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ലെന്ന് സുകുമാരൻ നായർ
കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്ത് . മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ജി സുകുമാരൻ നായർ പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് കുറ്റപ്പെടുത്തി. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എൻഎസ്എസിന്റെ ബജറ്റ് സമ്മേളനത്തിനിടെ പ്രസംഗത്തിലാണ് സുകുമാരൻ നായരുടെ വിമർശനം ഉണ്ടായത്. ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാൻ ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന സതീശന്റെ പഴയകാല പരാമർശങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവിൽ നിലപാട് മാറ്റി അഹങ്കാരിയായ രീതിയിൽ പ്രവർത്തിച്ചതെന്നാണ് മുഖ്യമന്ത്രിക്കെതിരെയുള്ള പ്രധാന വിമർശനം.
കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി രണ്ടുതവണ എൻഎസ്എസ് നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇൻകം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ നിവേദനത്തിന്റെ തുടർച്ചയായിരുന്നു ഇത്. എന്നാൽ, രണ്ട് തവണയും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് പെരുന്നയിൽ ഇന്ന് ചേർന്ന എൻഎസ്എസ് വാർഷിക ബജറ്റ് യോഗത്തിൽ മുഖ്യമന്ത്രിക്കെതിരേ വിമർശനമുന്നയിച്ചത്.
തെരഞ്ഞെടുപ്പിന് മുൻപുതന്നെ വി ഡി സതീശനും സുകുമാരൻ നായരും തമ്മിലുള്ള വാക്പോര് ആരംഭിച്ചിരുന്നു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകേണ്ടതില്ലെന്ന വി ഡി സതീശന്റെ പ്രസ്താവന സുകുമാരൻ നായരെ ചൊടിപ്പിച്ചിരുന്നു. പെരുന്നയിലെത്തി മണിക്കൂറുകളോളം തിണ്ണനിരങ്ങിയ ആളാണ് വിഡി സതീശൻ എന്ന് സുകുമാരൻ നായർ മറുപടി നൽകുകയും ചെയ്തിരുന്നു.