വിഴിഞ്ഞത്ത് ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളായ വിഘ്നേശ്വരി(27)യാണ് മരിച്ചത്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. കുട്ടികൾ ഇല്ലാത്തതിനാൽ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാർ പറയുന്നത്. സന്ധ്യയ്ക്ക് എത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ പറഞ്ഞു. ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
രണ്ട് ദിവസം മുമ്പായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികമെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നെന്നും ചന്ദ്രൻ പൊലീസിനോട് പറഞ്ഞു. എന്നാൽ, വിഘേനേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയുടെ കാരണമറിയില്ലന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. വിഘ്‌നേശ്വരിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.