"വീര്യം കൂടിയ മദ്യ നികുതി വിവാദം" ;പ്രഖ്യാപനം എക്‌സൈസ് മന്ത്രി അറിയാതെ ;യുഡിഎഫിലും സമുദായ സംഘടനകളിലും പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപന വേളയിൽ മുഖ്യമന്ത്രി വിഡി സതീശൻ വീര്യംകുറഞ്ഞ മദ്യത്തിനായി കുറഞ്ഞ നികുതി ഘടന പ്രഖ്യാപിച്ചതിൽ വിവാദം കടുക്കുന്നു. പാർട്ടി നേതൃത്വത്തിന്റെയോ എക്‌സൈസ് വകുപ്പുമന്ത്രി എം ലിജുവിന്റെയോ അറിവില്ലാതെയാണ് ധനവകുപ്പ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. പ്രതിപക്ഷം നേരത്തെ തന്നെ വിഷയത്തിൽ ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, സ്വന്തം നിലയിൽ തീരുമാനമെടുത്തതിൽ പാർട്ടിയിൽ നിന്നും എതിർപ്പുയരുന്നത് മുഖ്യമന്ത്രിക്ക് കൂടുതൽ സമ്മർദമാകും.
വകുപ്പ് മന്ത്രി അറിയാതെയുള്ള തീരുമാനത്തിൽ പ്രതിഷേധമറിയിക്കാൻ എം ലിജു ഇന്ന് മുഖ്യമന്ത്രിയെ കാണും. നിയമസഭയിലാവും കൂടിക്കാഴ്ച. നിയമസഭയിലെ ബജറ്റിന്മേലുള്ള ചർച്ചയിലും ഇത് പ്രധാന വിഷയമാകും. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിനു പുറമെ ധാതു സംസ്‌കരണത്തിലെ സ്വകാര്യ പങ്കാളിത്തവും പ്രധാന ചർച്ചയാകും. രണ്ട് വിഷയത്തിലും ശക്തമായി എതിർപ്പുന്നയിക്കാനുറച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്. മുഖ്യമന്ത്രി വിഡി സതീശന്റെ രണ്ട് തീരുമാനങ്ങളിലും കോൺഗ്രസിലും എതിർപ്പുയർന്നിരുന്നു.മുഖ്യമന്ത്രി ചർച്ച നടത്താതെ ഏകപക്ഷീയമായി തീരുമാനങ്ങൾ സ്വീകരിക്കുകയാണെന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തമാണ്. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ രണ്ട് വിഷയങ്ങളിലും എതിർപ്പുന്നയിച്ച് മുഖ്യമന്ത്രി വിഡി സതീശന് കത്തയച്ചിരുന്നു. കോൺഗ്രസും ലീഗും എതിർത്താൽ തീരുമാനത്തിൽനിന്ന് മുഖ്യമന്ത്രിക്ക് പിന്നോട്ടുപോകേണ്ടിവരുമെന്ന് സതീശൻ മന്ത്രിസഭയിലെ ഒരംഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം എതിർപ്പുന്നയിച്ച വിഷയം, അധികാരത്തിലേറി ആദ്യ ബജറ്റിൽ തന്നെ ഉൾപ്പെടുത്തിയതിൽ പാർട്ടിയിലെ പല നേതാക്കൾക്കും അതൃപ്തിയുണ്ട്.
സർക്കാർ തീരുമാനത്തിനെതിരെ സാമുദായിക സംഘനകളും മതനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിലാണ് കടുത്ത വിമർശനമുന്നയിച്ചത്. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധം, വ്യാജം എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തമാണെന്നും പുതിയ മദ്യനയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വിമർശിച്ചു. ഈ തീരുമാനം പൊതുസമൂഹത്തിൽ മദ്യ വ്യാപനത്തിന് ഇടയാക്കും. പുതിയ മദ്യക്കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനു കാരണമാകും. പ്രഖ്യാപനം മുഖ്യമന്ത്രി തിരുത്തണം. ഓപ്പറേഷൻ തൂഫാൻ ഒരു വശത്തു നടക്കുമ്പോഴാണ് മദ്യ വ്യാപനത്തിന് സർക്കാർ കൂട്ട് നിൽക്കുന്നതെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തി.
സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനിയും സർക്കാറിനെതിരെ രംഗത്തെത്തി. ലഹരി വ്യാപിപ്പിക്കുന്ന നയം സ്വീകാര്യമല്ലെന്നും വീര്യം കുറഞ്ഞത് എന്ന പേരിൽ എല്ലാവർക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ തൂഫാൻ പോലുള്ള പരിപാടികളെ ഇത് പിന്നോട്ടടിപ്പിക്കും. തീരുമാനം പുനഃപരിശോധിക്കണം. കഴിഞ്ഞ സർക്കാർ ചെയ്ത തെറ്റ് തെറ്റെന്ന് പറയാൻ കഴിയണം. ആ നയത്തിന്റെ മറവിൽ പുതിയ സർക്കാർ മദ്യമൊഴുക്കരുതെന്നും അദ്ദേഹം പറഞ്ഞു.