അയോധ്യ രാമക്ഷേത്രത്തിൽ 200 കോടിയുടെ കൊള്ള';കൂടുതൽ തട്ടിപ്പ് നടന്നത് കുംഭമേളക്കാലത്ത് ;ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്ര ജീവനക്കാരും അയോധ്യ വിട്ടുപോകരുതെന്ന് നിർദേശം

By :  Devina Das
Update: 2026-06-22 05:17 GMT

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻക്രമക്കേട് നടന്നു എന്ന് പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പണാപഹരണം ഏറ്റവുംമധികം നടന്നത് കഴിഞ്ഞ കുംഭമേളക്കാലത്താണെന്ന് റിപ്പോർട്ടിൽ പറയുന്നു .അന്വേഷണം നേരിടുന്ന രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്ര ജീവനക്കാരും അയോധ്യ വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നിർദേശിച്ചിട്ടുണ്ട്.രാം ലല്ലയ്ക്ക് ഭക്തർ അർപ്പിച്ച സ്വർണം, വെള്ളി, രത്‌നങ്ങൾ എന്നിവയുടെ കാര്യത്തിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകൾ ഏറെയും നടന്നത് 2025 ജനുവരി-ഫെബ്രുവരിയിൽ മഹാകുംഭമേളക്കാലത്താണ്. അന്ന് ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കുണ്ടാവുകയും സംഭാവനകൾ കുമിഞ്ഞുകൂടുകയും ചെയ്തിരുന്നു. ഇവയുമായി ബന്ധപ്പെട്ട രേഖകളെക്കുറിച്ച് തൃപ്തികരമായ ഉത്തരങ്ങൾ നൽകാൻ ട്രസ്റ്റ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.

200 കോടിമുതൽ 1400 കോടിവരെ രൂപയുടെ വെട്ടിപ്പുനടന്നിട്ടുണ്ടെന്നാണ് ആരോപണം. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് എസ്‌ഐടിക്ക് ലഭിച്ചതെന്ന് റിപ്പോർട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റുചെയ്തു, സ്വർണത്തിലും വെള്ളിയിലും തീർത്ത 1250 കട്ടകൾ കാണാനില്ല തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സമാജ് വാദി പാർട്ടി, എഎപി ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികളുടെ ആരോപണത്തെത്തുടർന്ന് ഈ മാസം 13-നാണ് യു പി. സർക്കാർ അന്വേഷണത്തിനായി എസ്‌ഐടിയെ നിയോഗിച്ചത്.

Similar News