നീറ്റ് പുനഃപരീക്ഷയില്‍ ക്രമക്കേട് ; ബിഹാറില്‍ആൾമാറാട്ടം നടത്തിയ 9 പേര്‍ അറസ്റ്റില്‍; ബയോമെട്രിക് രേഖകളിൽ പൊരുത്തക്കേട്
ന്യൂഡൽഹി: വിവാദം വിട്ടൊഴിയാതെ നീറ്റ് പുനഃപരീക്ഷ. ആൾമാറാട്ടം നടത്തിയതിന് ബിഹാറിൽ 9 പേർ അറസ്റ്റിലായി. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവരാണ് പരീക്ഷ എഴുതിയതെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാറിലെ ലഖിസാരായിലാണ് സംഭവം. ഇവരുടെ റാക്കറ്റിൽ 12 ഓളം പേരുണ്ടായിരുന്നതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. പണം വാങ്ങി ഇവർ പരീക്ഷ എഴുതുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.ഉത്തർപ്രദേശിലെ വാരാണസിയിൽ പരീക്ഷാക്രമക്കേടിന് ഒരു വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അടിവസ്ത്രത്തിൽ നിന്നും സിം കാർഡ് കണ്ടെടുത്തു. നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. മൈദാഗിൻ ഏരിയയിലെ ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിലാണ് സംഭവം.
പരീക്ഷയ്ക്ക് മുന്നോടിയായുള്ള പരിശോധനയിലാണ് ഒരു വിദ്യാർത്ഥിയെ സംശയകരമായ നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് അടിവസ്്രതത്തിൽ നിന്നും സിം കാർഡും, പഴയ ചോദ്യപേപ്പറും കണ്ടെടുത്തത്. ബലിയ സ്വദേശിയായ പ്രിൻസ് ദുബെ എന്ന വിദ്യാർത്ഥിയാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്.രാജ്യത്തെ മറ്റു ചില കേന്ദ്രങ്ങളിലും ആൾമാറാട്ടം നടന്നതായി പരാതികൾ ഉയരുന്നുണ്ട്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ചോദ്യപേപ്പർ ചോർന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും, കനത്ത സുരക്ഷയോടെയാണ് ഇത്തവണ പരീക്ഷ നടന്നതെന്നും എൻടിഎ വ്യക്തമാക്കി.