ഇ-റിക്ഷകൾക്ക് ബ്ലൂടൂത്ത് കെണി; ചൈനീസ് ആപ്പുകൾ വിലക്കി കേന്ദ്രം
ന്യൂഡൽഹി: ഇലക്ട്രിക് റിക്ഷകൾ ഓട്ടത്തിനിടെ മൊബൈൽ ആപ്പിലൂടെ നിശ്ചലമാക്കുന്ന സംഭവങ്ങൾ വർധിച്ചതോടെ ചൈനീസ് ബാറ്ററി മാനേജ്‌മെന്റ് ആപ്പുകളെ ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ. ബിഎടി-ബിഎംഎസ്, ലോസിഗി, ഇപോച്ച്-ഐ അയോൺ തുടങ്ങിയ ആപ്പുകൾ നീക്കം ചെയ്യാനാണ് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.ബ്ലൂടൂത്ത് സൗകര്യമുള്ള ലിഥിയം അയോൺ ബാറ്ററികളെ നിയന്ത്രിക്കുന്ന ആപ്പുകളാണിവ. ബാറ്ററിയുടെ വോൾട്ടേജ്, താപനില, ചാർജിങ്, സൈക്കിളുകൾ, ബാറ്ററികളുടെ ആരോഗ്യം തുടങ്ങിയവ തത്സമയം നിരീക്ഷിക്കുന്നതിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നതെങ്കിലും ഇപ്പോൾ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാണ് നിഗമനം.ആപ്പിലൂടെ ബാറ്ററി ഓൺ, ഓഫ് ചെയ്യാനുള്ള സൗകര്യമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. സമീപത്തുകൂടി പോകുന്ന റിക്ഷയുടെ ബാറ്ററിയുമായി ബ്ലൂടുത്ത് ബന്ധിപ്പിച്ച ശേഷമാണ് ഓഫ് ചെയ്യുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെ തടസ്സപ്പെടുത്താനോ വിദൂരത്തിരുന്ന് ഓഫാക്കാനോ മറ്റേതെങ്കിലും ആപ്പുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവയും ബ്ലോക്ക് ചെയ്യുമെന്ന് ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പല റിക്ഷകളുടെയും വില കുറഞ്ഞ ബ്ലൂടൂത്ത് ബാറ്ററി സംവിധാനങ്ങൾക്ക് കൃത്യമായ പാസ്‌വേഡ് സുരക്ഷയില്ല. അതുകൊണ്ട് ആർക്കും ഡിഫോൾട്ട് സംവിധാനം ഉപയോഗിച്ച് ബാറ്ററിയുമായി ബ്ലൂടൂത്ത് ബന്ധിപ്പിക്കാം. 20 മുതൽ 15 മീറ്റർ അകലെയുള്ളവർക്കു ഇത്തരത്തിൽ ഡ്രൈവർ അറിയാതെ ബാറ്ററി ഓഫ് ചെയ്യാം. വഴി ദൂരെനിന്ന് ഇ-റിക്ഷകളെ പ്രവർത്തനരഹിതമാക്കുന്ന നിരവധി വിഡിയോകളാണ് ഓൺലൈനിൽ പ്രചരിച്ചിരുന്നത്. ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി ഭരണകൂടം ഗതാഗതവകുപ്പിന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇത്തരം ആപ്പുകൾ നീക്കം ചെയ്യാൻ ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.